സീതത്തോട്∙കക്കാട് ജല വൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുമായി ബന്ധപ്പെട്ട കൂളിങ് വാട്ടർ പൈപ്പിന്റെ വെൽഡിങ് ജോലികൾക്കായി പദ്ധതിയിൽ നിന്നുള്ള വൈദ്യുതോൽപാദനം നിർത്തി വച്ചു. ഇന്ന് വൈകുന്നേരത്തോടെ ഉൽപാദനം പുനരാരംഭിക്കും. 50 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതി ഇന്നലെ രാവിലെ മുതലാണു ഷട്ട് ഡൗൺ ചെയ്തത്.25 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണ് ഉള്ളത്. ശബരിഗിരി പദ്ധതിയിൽ നിന്നു വൈദ്യുതോൽപാദനത്തിനു ശേഷം പുറം തള്ളുന്ന വെള്ളം മൂഴിയാർ അണക്കെട്ടിൽ തടഞ്ഞ് നിർത്തിയ ശേഷം പവർ ടണൽ വഴി സീതത്തോട്ടിൽ എത്തിച്ചാണു കക്കാട് പദ്ധതിയുടെ പ്രവർത്തനം.
മൂഴിയാർ അണക്കെട്ടിലെ ജല നിരപ്പ് നിയന്ത്രിക്കാൻ ഇന്നലെ പകൽ ശബരിഗിരി പദ്ധതിയുടെ പ്രവർത്തനവും നിർത്തിവച്ചിരിക്കുകയായിരുന്നു. 340 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതിയിൽ 6ാം നമ്പർ ഒഴികെയുള്ള ജനറേറ്ററുകൾ പീക്ക് ലോഡ് സമയത്ത് മാത്രമാണ് ഓടിയത്. മൂഴിയാർ അണക്കെട്ടിൽ പകൽ സമയം ജല നിരപ്പ് തീർത്തും താഴ്ന്നതോടെ ജല സംഭരണ മേഖലകളിൽ മണൽ കൂനകൾ തെളിഞ്ഞു.കക്കാട് പവർ ഹൗസ് പടി മുതൽ താഴയോട്ട് കക്കാട്ടാറ് വറ്റി വരണ്ടു.
കക്കാട് പദ്ധതിയിൽ നിന്നു വൈദ്യുതോൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അള്ളുങ്കൽ ഇ.ഡി.സി.എൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് പദ്ധതി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതോൽപാദനവും ഇന്നലെ മുതൽ തടസപ്പെട്ടു. കക്കാട് പദ്ധതി പ്രവർത്തിക്കുന്നതോടെയാവും ഇവയിൽ നിന്നുള്ള വൈദ്യുതോൽപാദനം പുനരാരംഭിക്കുക.