കല്ലൂപ്പാറ ∙ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. തുരുത്തിക്കാട് എടത്തനാട്ട് രാജീവിന്റെ കൃഷിയിടത്തിലെ 150 ഏത്തവാഴത്തൈകളാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചത്. 300 വാഴത്തൈകളാണ് നട്ടുപിടിപ്പിച്ചിരുന്നത്. ഒന്നരമാസം പ്രായമെത്തിയവയിൽ ഇലകൾ കിളിർക്കാൻ തുടങ്ങിയതേയുള്ളൂ. വാഴത്തൈകൾക്ക് ദിവസങ്ങൾക്ക് മുൻപാണ് വളമിട്ടത്. ഏകദേശം 36,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. താലൂക്ക് പ്രദേശത്ത് വിവിധയിടങ്ങളിൽ കാട്ടുപന്നി ശല്യമേറുന്നത് കർഷകരെ കടക്കെണിയിലാക്കുന്നു.
കാട്ടുപന്നിയെ വെടിവച്ചുകൊന്നു
വാളക്കുഴി ∙ എഴുമറ്റൂർ പഞ്ചായത്തിലെ 12–ാം വാർഡിൽ തേമ്മാലിൽ അജു ജോസഫിന്റെ പുരയിടത്തിൽ എത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. 26ന് വൈകിട്ട് അഞ്ചുമണിയോടെ ഷൂട്ടർമാരായ ജോസ് പ്രകാശ് ,സുധാകരൻ എന്നിവർ ചേർന്നായിരുന്നു ദൗത്യം. പന്നിയെ ശാസ്ത്രീയമായി മറവു ചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.