അടൂർ റവന്യൂ ടവർ അടിമുടി മാറണം; 4 ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് 2 എണ്ണം മാത്രം

അടൂർ റവന്യുടവറിലെ കിഴക്കു ഭാഗത്തെ പ്രവർത്തിക്കാതെ കിടക്കുന്ന ലിഫ്റ്റ്. (ഫയൽ ചിത്രം)
SHARE

അടൂർ ∙ സർക്കാർ ഓഫിസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സിരാകേന്ദ്രമായ അടൂർ റവന്യു ടവറിൽ തീപിടിത്തമുണ്ടായാൽ പെട്ടെന്നു കെടുത്താമെന്ന് ആരും വിചാരിക്കണ്ട. കാരണം ഇവിടെ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ല. ലിഫ്റ്റിൽ കയറാൻ കൂടുതൽ പേരെത്തിയാൽ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കാരണം 4 ലിഫ്റ്റുകളിൽ 2 എണ്ണം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ടവറിനുള്ളിലേക്ക് മൂക്കു പൊത്തിക്കൊണ്ടേ കയറാവൂ. 

ഇല്ലെങ്കിൽ ശുചിമുറികളിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ പറ്റാതാകും. ഇത് ഹൗസിങ് ബോർഡിന്റെ കീഴിലുള്ള അടൂർ റവന്യൂ ടവർ നേരിടുന്ന പ്രശ്നങ്ങളാണ്. വാടക പിരിക്കുന്നതല്ലാതെ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ ഹൗസിങ് ബോർഡ് എടുക്കുന്നില്ലെന്ന് വ്യാപക പരാതിയാണ്. മുപ്പതിലേറെ സർക്കാർ സ്ഥാപനങ്ങളും നൂറിലേറെ സ്വകാര്യ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

അഗ്നിസുരക്ഷാ സംവിധാനം നവീകരിക്കുന്ന നടപടി വൈകുന്നു

റവന്യു ടവറിൽ തകരാറിലായ അഗ്നിസുരക്ഷാ സംവിധാനം ഉടൻ ശരിയാക്കുമെന്ന് ഹൗസിങ് ബോർഡ് അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. പക്ഷേ നടപടിയുണ്ടായില്ല. ബഹുനില മന്ദിരം നിർമിച്ച സമയത്ത് ഒരുക്കിയ അഗ്നിരക്ഷാ സംവിധാനങ്ങൾ തുരുമ്പെടുത്ത് നശിച്ച‌ു. പൈപ്പുകൾ തുരുമ്പിച്ച് വലിയ സുഷിരങ്ങൾ വീണു. അപകട സൂചന നൽകുന്ന ഉപകരണങ്ങൾ ഉൾപ്പെടെ പ്രവർത്തനരഹിതമാണ്. വലിയ തീപിടിത്തമുണ്ടായാൽ അഗ്നിരക്ഷാസേനയെ വിളിക്കണം. 

ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടാകുന്നതെങ്കിൽ അവിടെവരെ എത്തി തീ കെടുത്താനുള്ള സംവിധാനം അഗ്നിരക്ഷാസേനയ്ക്കുമില്ല. അടുത്തിടെ റവന്യു ടവർ സന്ദർശിച്ച ഹൗസിങ് ബോർഡ് അധികൃതർ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനെക്കുറിച്ച് ഹൗസിങ് ബോർഡ് അധികൃതരോട് ചോദിച്ചപ്പോൾ ഫയർ ഡ്രോയിങ് നടപടികൾ നടന്നുവരികയാണെന്നാണ് പറഞ്ഞത്.

കേടായ ലിഫ്റ്റുകൾ എന്ന് ശരിയാകും ?

4 ലിഫ്റ്റുകളിൽ രണ്ടെണ്ണമേ പ്രവർത്തിക്കുകയുള്ളൂ. 2 എണ്ണം കേടായിട്ട് നാളുകളേറെയായി. കിഴക്കുവശത്ത് കേടായ ലിഫ്റ്റിന്റെ സ്ഥലം സംഘടനകളുടെ ഫ്ലെക്സ് ബോർഡുകൾക്കുള്ള ഇടമായി. കേടായ ലിഫ്റ്റുകൾ ശരിയാക്കുന്നതിന് ടെൻഡർ നടപടികൾ നടന്നു വരികയാണെന്നാണ് അധികൃതർ പറയുന്നത്.

ശുചിമുറികളിൽനിന്ന് ‌ദുർഗന്ധം 

ശുചിമുറികൾ എല്ലാം അടുത്തിടെ നവീകരിച്ചതാണെങ്കിലും ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശുചിമുറികളിൽനിന്ന് അസഹ്യമായ ദുർഗന്ധമാണ്. വനിതകളടക്കം നൂറുകണക്കിനുപേർ ജീവനക്കാരായും വിവിധ ആവശ്യങ്ങൾക്കായും എത്തുന്ന സ്ഥലത്താണ് പരിതാപകരമായ ശുചിമുറികളുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS