പന്തളം ∙ മാർച്ച് 19 മുതൽ 23 വരെ ഗോവയിൽ നടക്കുന്ന ഷട്ടിൽ ബാഡ്മിന്റൻ കായികമേളയിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിക്കാൻ സഹോദരങ്ങൾ. കുളനട ജോയ് നിവാസിൽ ജേക്കബ് ജോർജും ജോസഫ് ജോർജുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നിലവിൽ ജില്ലാ ചാംപ്യൻമാരാണ് ഇവർ. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് രണ്ടായിരത്തോളം ബാഡ്മിന്റൻ താരങ്ങൾ പങ്കെടുക്കുന്ന കായിക മേളയിലാണ് ഇരുവരും പങ്കെടുക്കുക.
കേരളത്തിലും പുറത്തുമായി നടന്ന പ്രധാന മത്സരങ്ങളിൽ വിജയിച്ചാണ് യോഗ്യത നേടിയത്. ജനുവരിയിൽ മാഹിയിൽവച്ചു നടന്ന മാസ്റ്റേഴ്സ് ഗെയിംസ് മത്സരങ്ങളിൽ ഡബിൾസിൽ ഒന്നാം സ്ഥാനവും മിക്സഡ് ഡബിൾസിൽ ജേക്കബ്-ലിസി പ്രതാപ് സഖ്യം ഒന്നാം സ്ഥാനവും നേടിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നടന്ന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഡബിൾസിൽ ജേക്കബ്-ജോസഫ് സഖ്യം രണ്ടാം സ്ഥാനവും, സിംഗിൾസിൽ ജേക്കബ് രണ്ടാം സ്ഥാനവും നേടി. 11 മുതൽ വാരണാസിയിൽ നടക്കുന്ന അഖിലേന്ത്യ മാസ്റ്റേഴ്സ് ഗെയിംസിലും ഇരുവരും പങ്കെടുക്കും.
ദീർഘദൂര ഓട്ടമത്സരത്തിലും ജേക്കബ് സംസ്ഥാനതലത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്.മേയ് 5ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന ഇന്റർനാഷനൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒട്ടേറെ മത്സരങ്ങളിൽ മികച്ച വിജയം നേടിയിട്ടും സർക്കാരിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ സഹായം ലഭിക്കുന്നില്ലെന്ന് ജേക്കബ് ജോർജ് പറയുന്നു. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്പോൺസറെ തേടുകയാണ് അദ്ദേഹം.