ADVERTISEMENT

പത്തനംതിട്ട ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചേർന്ന ആലോചനാ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഭാരവാഹി പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്നാണ് യോഗം പ്രതിഷേധങ്ങൾക്ക് വേദിയായത്.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടർന്ന് പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് പുറത്തു പോകേണ്ടി വന്നവരെയും പാർട്ടിയുമായി അകന്നു നിൽക്കുന്നവരെയും പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന ഉറപ്പാക്കണമെന്നും നിർദേശം ഉയർന്നു.

എന്നാൽ കെപിസിസി നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പുനഃസംഘടന നടത്താൻ കഴിയൂ എന്ന് ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിലപാട് കടുപ്പിച്ചതോടെയാണ് മുൻ ഡിസിസി പ്രസിഡന്റുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഇവർ മൂന്നുപേരും ആരുടെയും പേരുകൾ നിർദേശിക്കുന്ന പട്ടിക സമർപ്പിച്ചതുമില്ല. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ, അടൂർ പ്രകാശ് എംപി, പഴകുളം മധു തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

പുറത്തു പ്രചരിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇന്നലത്തെ ചർച്ചയിൽ ഉണ്ടായിട്ടില്ല. അടൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നു മാത്രം മാറ്റിനിർത്തിയിട്ടുള്ള ചിലരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിൽ ആരോപണം വന്നപ്പോഴുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മുൻ ഡിസിസി പ്രഡിസന്റുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒട്ടുമിക്ക നേതാക്കൻമാരും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ശേഷിക്കുന്നവർ ഉടൻതന്നെ നൽകുമെന്നാണ് പ്രതീക്ഷ. തുടർന്ന് നിർദേശങ്ങൾ കെപിസിസിയുടെ പരിഗണനയ്ക്കായി അയയ്ക്കും. സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി പ്രസിഡന്റ്

പല കാരണങ്ങളാൽ പാർട്ടിയുമായി അകന്നു നിൽക്കുന്നവരെയും നിസ്സാര കാരണങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിട്ടവരെയും ഉൾപ്പെടുത്തിയാകണം പുനഃസംഘടന എന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ ഈ നിലപാടിന് നിലവിലെ ഡിസിസി ഭാരവാഹികൾ വേണ്ടത്ര പരിഗണന നൽകാതെ വന്നതിനെത്തുടർന്നാണ് ഞങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന ഉറപ്പാക്കണമെന്ന തരത്തിൽ ഞങ്ങളാരും നിർദേശം വച്ചിട്ടില്ല. അത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. പി. മോഹൻരാജ്, മുൻ ഡിസിസി പ്രസിഡന്റ്

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com