കൂടൽ ∙ മണ്ണിലിറങ്ങാൻ മനസ്സുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും മറികടക്കാനാകുമെന്നു തെളിയിക്കുകയാണ് പുന്നമൂട് ഷാജി വിലാസത്തിൽ പി.കെ.പ്രമീള എന്ന അങ്കണവാടി ആയ. മറ്റൊരാളുടെ പറമ്പിൽ ഒറ്റയ്ക്ക് കൃഷിചെയ്താണ് അൻപത്തിരണ്ടുകാരിയായ പ്രമീള സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത്. രാവിലെ ഒൻപതര മുതൽ നാലര വരെയാണ് പുന്നമൂട് അങ്കണവാടിയിൽ ജോലി. അതുകഴിഞ്ഞ് ഒരുകിലോമീറ്റർ അകലെയുള്ള കൊപ്പാറ വീട്ടിലെ പറമ്പിലേക്ക്.
ഒന്നരയേക്കറോളം സ്ഥലത്ത് 7 മണിവരെ കൃഷിപ്പണി. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ്, മഞ്ഞൾ, വാഴ അങ്ങനെ നീളുന്നു വിളകളുടെ പട്ടിക. പറമ്പൊരുക്കലും വളമിടലും വിളവെടുപ്പുമെല്ലാം ഒറ്റയ്ക്കു തന്നെ. തടമെടുക്കാൻ മാത്രം ആളിനെ വിളിക്കും. അച്ഛനിൽനിന്ന് പാരമ്പര്യമായി ലഭിച്ചതാണ് കൃഷിയിലെ താൽപര്യമെന്ന് പ്രമീള പറയുന്നു. ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ഷാജിയുടെ ശ്രദ്ധ കന്നുകാലി പരിപാലനത്തിലാണ്.
അതുകൊണ്ടുതന്നെ കൃഷിയിടത്തിലേക്ക് ആവശ്യമായ ചാണകം സുലഭമായി ലഭിക്കും. പ്രധാനമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വിളവുകൾ പ്രദേശവാസികൾതന്നെ വാങ്ങുന്നതിനാൽ വിൽപനയ്ക്കു ദൂരസ്ഥലങ്ങളിൽ പോകേണ്ടതുമില്ല.ആസ്വദിച്ചു കൃഷി ചെയ്യുന്നതാണ് പ്രമീളയുടെ രീതി. മുളക്, മല്ലി, കുരുമുളക്, മഞ്ഞൾ, കാപ്പിക്കുരു എന്നിവ ഉണക്കിപ്പൊടിച്ചും വിൽക്കുന്നുണ്ട്. പഞ്ചായത്ത് കാർഷിക വിപണിയിൽ ഏറ്റവും കൂടുതൽ സാധനങ്ങൾ വിൽക്കുന്നയാൾ എന്ന ബഹുമതിയും പ്രമീളയ്ക്കുതന്നെ.
രണ്ടു പെൺമക്കളാണ്. മൂത്തയാൾ ഐശ്വര്യ വിവാഹിതയാണ്. ഇളയ മകൾ അപർണ പന്തളം എൻഎസ്എസ് കോളജിൽ ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അപർണയ്ക്ക് പ്രവേശനം ലഭിച്ചെങ്കിലും ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ പോയില്ല.
മൂന്ന് വർഷം മുൻപ് എൽഎൽബി പ്രവേശന പരീക്ഷയിൽ ആദ്യ റാങ്കുകളിൽ വന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കോഴ്സിനു ചേർന്നില്ല. കടബാധ്യത തീർക്കാനും മകളെ പഠിപ്പിക്കാനും വിശ്രമമില്ലാത്ത പോരാട്ടം തുടരുകയാണു പ്രമീള. പ്രമീളയുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും മനസ്സിലാക്കി കൃഷിചെയ്യാൻ ഉടമ ഭൂമി വിട്ടുനൽകുകയായിരുനന്നു.