പള്ളിക്കൽ ∙ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പ്രകൃതിരമണീയമായ സ്ഥലമായ ആറാട്ടുചിറയിൽ ടൂറിസം പദ്ധതി എന്നു വരും?. പള്ളിക്കൽ നിവാസികൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാൻ അധികൃതർ തയാറായിട്ടില്ല. ആറാട്ടുചിറയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതി പ്രഖ്യാപനങ്ങൾ നടത്തിയ പഞ്ചായത്ത്, ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർക്കാണ് ഉത്തരം മുട്ടിനിൽക്കുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ പ്രകൃതിദത്തമായ ജലസ്രോതസ്സാണ് ആറാട്ടുചിറ. ഇവിടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നിടമാണ്.
ഈ ചിറയിലെ ചെളിനീക്കം ചെയ്ത് ആഴംകൂട്ടി പെഡൽ ബോട്ട് സംവിധാനം, നീന്തൽ പരിശീലന കേന്ദ്രം, ചിറയ്ക്കു ചുറ്റിനും നടപ്പാത എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ ഒട്ടേറെ തവണ തയാറാക്കിയതാണ്. ഇപ്പോൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു നൽകിയിട്ടുണ്ട്. ഇങ്ങനെ അധികൃതർ പദ്ധതി തയാറാക്കി പോകുന്നതല്ലാതെ യാഥാർഥ്യത്തിൽ എത്തുന്നില്ല. തുടർനടപടികൾ നടത്താൻ അധികൃതർ തയാറാകാത്തതാണ് പദ്ധതി എസ്റ്റിമേറ്റിൽ ഒതുങ്ങിപ്പോകുന്നത്. സംസ്ഥാന ബജറ്റിൽ ഇടം നേടിയിരുന്നെങ്കിൽ ഒരുപക്ഷേ ഈ പദ്ധതി യാഥാർഥ്യമായേനെ.
എന്നാൽ ബജറ്റിൽ കൊണ്ടുവരുന്നതിനു പോലും ആരും ശ്രമിക്കുന്നില്ല. ഒരു പദ്ധതിയും ചിറയിലേക്ക് വരാത്തതിനാൽ ഗ്രാമീണമേഖലയിൽ വികസിപ്പിച്ചെടുക്കേണ്ട ഈ ചിറ പായൽമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇനിയെങ്കിലും തദ്ദേശ സ്ഥാപന അധികൃതരും മറ്റു ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിച്ച് ടൂറിസം പദ്ധതി ചിറയിലേക്ക് കൊണ്ടുവരാനുള്ള മനസ്സുകാട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.