കൊടുമൺ ∙ കാഴ്ചയിലല്ല, കാര്യത്തിലാണവൻ കേമൻ. കേസ് അന്വേഷണത്തിനുള്ള സഹായം മുതൽ സ്റ്റേഷൻ കാവൽവരെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന വാസു എന്ന നായയാണ് പൊലീസ് സ്റ്റേഷനിലെ താരം. 7 വർഷമായി വാസുവിന്റെ സേവനം പൊലീസ് സ്റ്റേഷനിലുണ്ട്. എവിടെനിന്നോ വന്നുകയറിയതാണ്. അന്ന് എസ്ഐ ആയിരുന്ന ആർ. രാജീവാണ് വാസുവിന് സംരക്ഷണവും ഭക്ഷണവും നൽകിയത്. പിന്നീട് വളരെപ്പെട്ടെന്ന് സ്റ്റേഷനിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.
പ്രവേശന കവാടത്തിൽ എപ്പോഴും വാസു ഉണ്ടാകും. അവന്റെ അധികാര പരിധിയിൽ പൊലീസ് ഉദ്യോഗസ്ഥർ കൈകടത്തില്ല. പരിചയമില്ലാത്ത ആരു വന്നാലും അവരെ ഒന്നു നോക്കിയ ശേഷമേ അകത്തേക്ക് കയറ്റിവിടൂ. സ്റ്റേഷനിൽ എവിടെയും കയറാനുള്ള അധികാരം വാസുവിന് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. അതുപോലെതന്നെ ഒരുതവണ കണ്ടാൽപിന്നെ ആ വ്യക്തിയെ എവിടെവച്ച് കണ്ടാലും ഇവൻ തിരിച്ചറിയും. പ്രത്യേകിച്ചും പൊലീസുകാരെ.
സ്റ്റേഷനിൽ പുതിയതായി സ്ഥലംമാറി വരുന്ന ഉദ്യോഗസ്ഥരെല്ലാം വളരെപ്പെട്ടെന്ന് വാസുവിന്റെ സൗഹൃദക്കൂട്ടിലെത്തും. സ്റ്റേഷനു പുറത്തേക്ക് കൂട്ടമായി പൊലീസുകാർ പോയാൽ വാസുവും കൂടെപ്പോകും. രാത്രികാലങ്ങളിലാണ് ഇവൻ കൂടുതൽ സഹായിയായി മാറുന്നത്. രാത്രി അനുമതിയില്ലാതെ പുറത്തുനിന്ന് ആരെയും അകത്തേക്ക് കയറ്റിവിടാറില്ല. പഞ്ചായത്ത് സ്റ്റേഡിയത്തിൽ മന്ത്രിമാരുടെ എന്തെങ്കിലും പരിപാടികളുണ്ടെങ്കിലോ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നാലോ വാസു നിരീക്ഷകനായി സ്ഥലത്തുണ്ടാകും.