ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാന ബജറ്റിലെ അമിത നികുതിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. 2 മണിക്കൂറിലേറെ നീണ്ട സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാരും ഏറ്റുമുട്ടി. ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയിലൂടെ സംസ്ഥാനത്ത് വിലക്കയറ്റം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കലക്ടറേറ്റ് കവാടത്തിനു മുൻപിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. എന്നാൽ രണ്ട് നിരയായി സ്ഥാപിച്ചിരുന്ന ബാരിക്കേഡിന്റെ ആദ്യനിരതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് കടന്നതോടെ പൊലീസ് പ്രതിരോധം ശക്തമാക്കി. ജലപീരങ്കി സജ്ജമാക്കി നിർത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ എത്തിയപ്പോഴേക്കും അതു പിൻവലിച്ചു. വെള്ളക്കരം കൂട്ടിയതുകൊണ്ടാണോ ജലപീരങ്കി പിൻവലിച്ചത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു പിന്നീട് യൂത്ത് കോൺഗ്രസുകാർ പൊലീസിനെ നേരിട്ടത്. 

ബാരിക്കേഡ് തകർക്കാൻ തുടർ ശ്രമങ്ങൾ നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചതോടെ റോഡിൽ കുത്തിയിരുന്നായി പ്രതിഷേധം.  റോഡിൽ കിടന്നു പ്രതിഷേധിക്കാൻ തുനിഞ്ഞ ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി. നേതാക്കൻമാരെ കയറ്റിയ പൊലീസ് ജീപ്പിന് മുന്നിൽ കിടന്നു പ്രതിഷേധിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ പ്രവർത്തകർ

 പ്രതിരോധം ശക്തമാക്കി. തുടർന്നു നടന്ന ഉന്തുംതള്ളും ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ലാത്തിച്ചാർജിലും തുടർന്നു നടന്ന സംഘർഷത്തിലും ജില്ലാ വൈസ് പ്രസിഡന്റ് രെഞ്ചു തുമ്പമൺ, ജില്ലാ സെക്രട്ടറി ജേക്കബ് ടി.തോമസ്, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മുക്കരണത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ട, ജയകൃഷ്ണൻ തെങ്ങമം എന്നിവർക്കും ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. 

സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഎസ്പി എസ്. നന്ദകുമാർ, എസ്എച്ച്ഒ ജിബു ജോൺ എന്നിവർക്കും മർദനമേറ്റു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി. മനോജ്, രഞ്ജു മുണ്ടിയിൽ, അഖിൽ അഴൂർ, ജില്ലാ ഭാരവാഹികളായ അനൂപ് വേങ്ങവിളയിൽ, ഷിജു അറപ്പുരയിൽ, അരുൺ പി.അച്ചൻകുഞ്ഞ്, അരവിന്ദ് വെട്ടിക്കൽ, ജിനു ബ്രില്ലിന്റെ, ഷംന ഷറഫ്, ലിജ മാത്യു, റിനോ പി.രാജൻ, സാംജി ഇടമുറി, അഭിലാഷ് വെട്ടിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു. 

‘പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു’

പത്തനംതിട്ട ∙ സംസ്ഥാന ബജറ്റിനെതിരെ കലക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഗുരുതരമായി പരുക്കേറ്റ കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത്, ജില്ലാ സെക്രട്ടറി ജേക്കബ് ടി.തോമസ് എന്നിവരെ സതീഷ് കൊച്ചുപറമ്പിൽ സന്ദർശിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല എന്നിവരും ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com