ADVERTISEMENT

പത്തനംതിട്ട ∙ പണിതീർത്തു കരാറുകാരൻ മടങ്ങിയിട്ടും കുമ്പഴ നടപ്പാലം നിർമാണം ഒന്നുമായില്ല. പുറമ്പോക്കു ഭൂമിയിൽ തട്ടി സ്ഥലമെടുപ്പു നീളുന്നതിനാൽ പാതിവഴിയിൽ മുടങ്ങിയ നടപ്പാലം നിർമാണം പുനരാരംഭിക്കാനും വൈകും.കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമാണം നടക്കുന്ന പുനലൂർ-പൊൻകുന്നം പാതയിൽ അച്ചൻകോവിലാറ്റിലെ കുമ്പഴ നടപ്പാലത്തിന്റെ അവസ്ഥയാണിത്.കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30.16 കിലോമീറ്റർ 274.24 കോ‌ടി രൂപയ്ക്കാണ് ഇകെകെ കമ്പനി കരാർ എടുത്തത്. അച്ചൻകോവിലാറ്റിൽ ഇപ്പോഴുള്ള പാലത്തിന് 6 മീറ്റർ വീതി മാത്രമാണുള്ളത്. ഇതുകാരണം വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർ ഓടി മാറുകയാണ്. ഇതിനു പരിഹാരമായാണു നടപ്പാലം നിർമിക്കാൻ പദ്ധതിയിട്ടത്. 4 മീറ്റർ വീതിയും 3 തൂണുകളും ഉള്ള നടപ്പാലമാണു പദ്ധതിയിട്ടത്.

3 തൂണുകളും കെട്ടി ഉയർത്തി. അപ്പോഴാണു കുമ്പഴ കരയിൽ സമീപന പാത നിർമിക്കേണ്ട സ്ഥലത്തെ ചൊല്ലി തർക്കം ഉയർന്നത്. അതു പുറമ്പോക്കു ഭൂമിയാണെന്നാണു റവന്യു വകുപ്പ് കെഎസ്ടിപിക്കു നൽകിയ കത്ത്. അതിനാൽ സ്ഥലം ഏറ്റെടുക്കൽ പദ്ധതിയിൽ നിന്ന് ഇത് ഒഴിവാക്കി. നടപ്പാലം പണി തുടങ്ങിയ ശേഷമാണു വിവാദം ഉയർന്നത്. പ്രശ്ന പരിഹാരത്തിനായി കുമ്പഴ കരയിൽ സമീപന പാത നിർമിക്കേണ്ട സ്ഥലം പുറമ്പോക്കു സ്ഥലമാണോ. അതോ സ്വകാര്യ ഭൂമിയാണോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി ജില്ലാ കലക്ടർക്ക് കത്തുനൽകി.

കുമ്പഴ റീസർവേ പൂർത്തിയായ ശേഷമോ പുറമ്പോക്കാണോ അല്ലയോ എന്നു തീർത്തു പറയാൻ കഴിയൂ എന്നാണ് റവന്യു വകുപ്പ് നൽകിയ മറുപടി. ഇതേ തുടർന്നു കരാറുകാർ നിർമാണം നിർത്തി. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30.16 കിലോമീറ്റർ റോഡ് വികസനം പൂർത്തിയായതോടെ കരാറുകാർ മടങ്ങി. തകരാറുകൾ കണ്ടാൽ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണി വിഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. കരാറുകാരുടെ മറ്റു വിഭാഗങ്ങൾ എല്ലാം മടങ്ങി. നടപ്പാലത്തിനുമായി അച്ചൻകോവിലാറ്റിൽ നിർമിച്ച തൂണുകളിൽ ഒന്നിന്റെ അടിഭാഗത്തെ മണ്ണു മുഴുവൻ ഒലിച്ചുപോയി.കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെ പോയാൽ അടുത്ത വെള്ളപ്പൊക്കം കഴിയുമ്പോൾ പാലത്തിന്റെ തൂണു താഴെ പോകുന്ന അവസ്ഥയും ഉണ്ട്.

തർക്കം ഉയർന്നാൽ പണി ഉപേക്ഷിക്കും

 തർക്കം ഉള്ള സ്ഥലത്തെ വീതി കൂട്ടൽ, സംരക്ഷണ ഭിത്തി നിർമാണം. നടപ്പാത തുടങ്ങി എല്ലാ പണികളും ഉപേക്ഷിച്ചാണ് ടാറിങ് പൂർത്തിയാക്കിയത്. കുമ്പഴ ജംക്‌ഷനിൽ തർക്കം ഉള്ള ഭാഗത്തു വീതി കൂട്ടിയില്ല. മൈലപ്രയ്ക്കും പള്ളിപ്പടിക്കും മധ്യേ തർക്കമുള്ള സ്ഥലത്തു സംരക്ഷണ ഭിത്തി ഒഴിവാക്കി ടാറിങ് നടത്തി.മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കും മധ്യേ ഒന്നാം കലുങ്ക് ഭാഗത്തെ അപകട കെണിയായ കൊടുംവളവ് നേരെയാക്കുന്ന പണിയും തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചു. സ്വകാര്യ വ്യക്തിയുടെ വീട് ഉൾപ്പെടുന്ന മൂന്നര സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. വീതി കൂട്ടുമ്പോൾ വീടിന്റെ 2 മുറി, രണ്ട് ശുചിമുറി എന്നിവ നഷ്ടമാകും.

ഇതിനുള്ള നഷ്ടപരിഹാരമായി 13 ലക്ഷം രൂപ കെഎസ്ടിപി കോടതിയിൽ കെട്ടിവച്ചു. തുക കുറവായതിനാൽ വീട്ടുകാർ അത് വാങ്ങാൻ തയാറാകാത്തതിനാൽ കലുങ്ക് വീതികൂട്ടി വളവ് നേരെയാക്കുന്ന പണികൾ പാതിവഴിയിൽ മുടങ്ങി.അവിടേക്കു വാഹനങ്ങൾ ചാടാതിരിക്കാൻ പ്ലാസ്റ്റിക് ബോർഡ് സ്ഥാപിച്ചു റിബൺ കെട്ടി.ഇടിതാങ്ങിയും അപകട മുന്നറിയിപ്പ് ബോർഡും ഇല്ല. പുനലൂർ-പൊൻകുന്നം പാതയിൽ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള വളവാണ് ഇത്. തർക്കം തീരാത്തതിനാൽ ഈ പണിയും പാതി വഴിയിൽ ഉപേക്ഷിച്ചാണു കരാറുകാരൻ മടങ്ങിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com