തിരുവല്ല ∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 10 കോടി രൂപയുടെ വികസനം നടത്തുമെന്ന്റെയിൽവേ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. തിരുവല്ല റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്ലാറ്റ്‌ഫോമുകൾക്ക് മേൽക്കൂര നിർമാണം, ശുചിമുറികളുടെയും കാത്തിരിപ്പു കേന്ദ്രങ്ങളുടെയും എണ്ണവും സൗകര്യങ്ങളും വർധിപ്പിക്കൽ, യാത്രക്കാരുടെ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടുക,
പ്ലാറ്റ് ഫോമിലെ ഫാനുകളുടെ എണ്ണം വർധിപ്പിക്കുക, ശുദ്ധജലവിതരണം കാര്യക്ഷമമാക്കുക, ടിക്കറ്റ് വിതരണ കൗണ്ടർ പുതുക്കി നിർമിക്കുക, പാർക്കിങ് സൗകര്യം വർധിപ്പിക്കുക, റെയിൽവേ സ്റ്റേഷനെ ദിവ്യാംഗ സൗഹൃദമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടം 2023 ഡിസംബറിലും, രണ്ടാംഘട്ടം 2024ലും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ബിജെപി തിരുവല്ല മണ്ഡലം പ്രസിഡന്റ് അനീഷ് കെ. വർക്കി, കർഷക മോർച്ച സംസ്ഥാന ട്രഷർ രാജകുമാർ, ജില്ലാ കമ്മിറ്റിയംഗം വിനോദ് തിരുമൂലപുരം എന്നിവർ ഒപ്പമുണ്ടായിരുന്നു.