കൂരിരുട്ടിൽ എംസി റോഡ്, അപകടങ്ങൾ പതിവ്; പൂർത്തിയാകാത്ത ഓടകളും അപകടക്കെണിയാകുന്നു
Mail This Article
പന്തളം ∙ നവീകരണം പൂർത്തിയായി ഒരു വർഷം തികയും മുൻപേ കൂരിരുട്ടിൽ എംസി റോഡ്. പല ഭാഗങ്ങളിലും വഴിവിളക്കുകൾ കത്തുന്നില്ല. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ, കുരമ്പാല ഇടയാടി ജംക്‌ഷനു സമീപം കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചു യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഈ ഭാഗത്തും കൂരിരുട്ടാണ്.
എംഎം ജംക്‌ഷൻ മുതൽ വലിയ പാലം വരെയാണ് കെഎസ്ടിപി വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. ഓഗസ്റ്റിൽ നവീകരണ പദ്ധതി പൂർത്തിയാകുമ്പോൾ ഇവയെല്ലാം പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ചിലത് പ്രവർത്തനരഹിതമായി. നഗരഭാഗങ്ങളിലൊഴികെ വഴിവിളക്കുകൾ മിക്കതും കത്തുന്നില്ല.
തിരക്കേറിയ കുരമ്പാല ജംക്‌ഷനിലും വെളിച്ചക്കുറവ് ഭീഷണിയാണ്. അടൂർ മുതൽ ചെങ്ങന്നൂർ വരെ 23.8 കിലോമീറ്റർ റോഡാണ് നവീകരിച്ചത്. 98.4 കോടി രൂപയാണ് ചെലവഴിച്ചത്. ഓഗസ്റ്റിൽ കരാറുകാർ മടങ്ങുമ്പോഴും പല ഭാഗങ്ങളിലും ഓട നിർമാണം ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നില്ല.
ഓട നിർമാണം അപൂർണം
നവീകരണം പൂർത്തിയായ ശേഷവും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. കഴിഞ്ഞ 11 മാസത്തിനുള്ളിൽ മാന്തുകയ്ക്കും കുരമ്പാലയ്ക്കുമിടയിൽ മരിച്ചത് 9 പേരാണ്. ഈ 10 കിലോമീറ്ററോളം ദൂരപരിധിക്കുള്ളിലാണ് അപകടങ്ങൾ മിക്കതും. നവീകരണം പലയിടത്തും പേരിനു മാത്രമാണ് നടത്തിയത്. ടാറിങ് മാത്രമാണ് യഥാർഥത്തിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ള കുരമ്പാല ഭാഗത്ത് ഓട നിർമാണം പൂർത്തിയാക്കിയിട്ടില്ല. ചിലയിടത്ത് ഓടയ്ക്ക് മൂടിയും സ്ഥാപിച്ചില്ല.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചില്ല
പന്തളത്തെ രണ്ടാമത്തെ തിരക്കേറിയ ജംക്‌ഷനാണ് മെഡിക്കൽ മിഷൻ ജംക്‌ഷൻ. പന്തളം-നൂറനാട് റോഡ്, എംസി റോഡിൽ സന്ധിക്കുന്നത് ഇവിടെയാണ്. ആശുപത്രി, സ്കൂൾ, സർക്കാർ ഓഫിസുകൾ എന്നിവയും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ചുറ്റുവട്ടത്തുണ്ട്. മിക്ക സമയവും തിരക്കാണ്. നവീകരണ പദ്ധതിയുടെ ഭാഗമായി ഇവിടെ ഐലൻഡ് സ്ഥാപിച്ചു. എന്നാൽ, സിഗ്നൽ ലൈറ്റ് ഒഴിവാക്കി. എംസി റോഡിൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങളും കടന്നു നൂറനാട് റോഡിലേക്ക് പ്രവേശിക്കുന്നത് ജീവൻ പണയം വച്ചാണ്. ഇവിടെയുള്ള പൊക്കവിളക്കും ചില ദിവസങ്ങളിൽ പ്രവർത്തിക്കുന്നില്ല.
കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി
നവീകരണ പദ്ധതി നടപ്പാക്കിയപ്പോൾ പന്തളം ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊന്നും സ്ഥാപിച്ചില്ല. അടൂരിലും ചെങ്ങന്നൂരിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. പന്തളം ജംക്‌ഷനു വടക്ക് ഭാഗത്ത് യാത്രക്കാർ കൊടുംവെയിലേറ്റാണ് ബസ് കാത്തുനിൽക്കുന്നത്. അടൂർ ഭാഗത്തേക്ക്, എൻഎസ്എസ് ഗേൾസ് സ്കൂളിനു മുൻപിൽ നേരത്തെ നഗരസഭ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.