ADVERTISEMENT

കുറ്റൂർ ∙ വേനൽക്കാലത്തു പാഴാകുന്ന ഓരോ തുള്ളി വെള്ളവും ഓരോ കുടുംബത്തിനു ജീവജലം കൂടിയാണെന്നു ജല അതോറിറ്റി അറിയണം. വെള്ളത്തിനു വേണ്ടി കിണറിനു മുൻപിൽ ആളുകൾ കൂട്ടം കൂടുമ്പോൾ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു മൂന്നിടത്താണ്. ആറാട്ടുകടവ് - ഓതറ റോഡിലെ ശാസ്താനട ക്ഷേത്രത്തിനു സമീപമുള്ള വീടുകളിലേക്കു വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയിട്ട് ഒരു മാസമായി.ആദ്യം ചെറിയ തോതിലുള്ള ചോർച്ചയായിരുന്നത് ദിവസം കഴിയുന്തോറും കൂടി ഇപ്പോൾ റോഡു നിറഞ്ഞൊഴുകാൻ തുടങ്ങി.

പൈപ്പ്് പൊട്ടി ഒഴുകുന്ന വെള്ളം ശാസ്താനട ഭാഗത്തുള്ള മുപ്പതോളം വീട്ടുകാർക്കു കുടിക്കേണ്ട വെള്ളമാണ്.പൈപ്പ് പൊട്ടിയതോടെ അവർക്ക് വെള്ളം കിട്ടാതായി. വീടുകളിലെ കിണറുകളെല്ലാം വറ്റിവരണ്ടു.കുറച്ചെങ്കിലും വെള്ളമുള്ള കിണറിനു സമീപം ഇപ്പോൾ നാട്ടുകാർ ക്യൂ നിന്നു വെള്ളം കോരിയെടുക്കുകയാണ്. അതേസമയം തന്നെയാണ് തൊട്ടടുത്ത് ആയിരക്കണക്കിനു ലീറ്റർ ശുദ്ധജലം പാഴാകുന്നതും.പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ടാലും നാട്ടുകാർക്കു വെള്ളക്കരം അടയ്ക്കാതിരിക്കാനാവില്ല.ഇതുകാരണം വെള്ളം എത്ര പോയാലും ജല അതോറിറ്റിക്ക് ഒരു നഷ്ടവുമില്ല.

തകരാർ പരിഹരിക്കാതിരുന്നാൽ അത്രയും പണിക്കൂലി ലാഭമെന്നു കരുതുമെന്നു നാട്ടുകാർ. ഇതേ റോഡിൽ തയ്യിൽ മലയിൽ വീടിന്റെ മുൻപിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസമായി. റെയിൽവേ ലൈനിനു സമീപം വെള്ളം ഒഴുകുന്നതിനും ഒരു മാസത്തെ പഴക്കമുണ്ട്. വേനൽ ശക്തമായതോടെ കിണറുകളും വറ്റിയപ്പോൾ നാട്ടുകാർ വെള്ളത്തിനുവേണ്ടി നാടുമുഴുവൻ ഓടേണ്ട സ്ഥിതിയായി.

തുടക്കമിട്ടത് ജലജീവൻ പൈപ്പിടൽ

പഞ്ചായത്തിൽ ജലജീവൻ മിഷന്റെ പൈപ്പിടൽ തുടങ്ങിയതോടെയാണു പ്രശ്നം രൂക്ഷമായത്. പുതിയ പൈപ്പിടാൻ റോഡുകൾ മുഴുവൻ കുഴിച്ചപ്പോൾ ഒട്ടേറെ വീടുകളിലേക്കുള്ള കണക്‌ഷൻ പൈപ്പുകൾ പൊട്ടി. ഇതോടെ വീടുകളിലേക്കുള്ള വിതരണം നിലച്ചു. പുതിയതായി ഇട്ട പൈപ്പുകളിലൂടെ വിതരണം തുടങ്ങിയതുമില്ല. ഇതോടെ പഴയ പൈപ്പിലും ഇല്ല വെള്ളം, പുതിയ പൈപ്പിലും ഇല്ല എന്നതാണു സ്ഥിതി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com