ADVERTISEMENT

പന്തളം ∙ തെക്കേക്കര നിവാസികൾക്ക് ഇപ്പോൾ ഇരട്ടദുരിതമാണ്. കുടിവെള്ള ക്ഷാമമാണ് മുഖ്യം. കുരമ്പാല-തോലുഴം റൂട്ടിലെ യാത്രാദുരിതമാണ് മറ്റൊന്ന്. വേനൽ കടുത്തതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകളുടെ കാഠിന്യമേറി. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അച്ചൻകോവിലാറിൽ തുമ്പമൺ പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൽ നിന്നും പന്തളം തെക്കേക്കര പ്രദേശങ്ങളിലേക്ക് ഒന്നിടവിട്ട ദിവസമാണ് പമ്പിങ് നടത്തുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പല ദിവസങ്ങളിലും വിതരണം മുടങ്ങുന്നുവെന്നും പരാതിയുണ്ട്. 2 പഞ്ചായത്തുകൾക്കുമായി ഒരു പമ്പ് ഹൗസാണുള്ളത്.

ചൂട് കടുത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഉപയോഗവും വർധിച്ചു. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് ഇത് ബുദ്ധിമുട്ടായി. കുമ്പഴക്കുറ്റി കോളനിയിലും സമീപ പ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കുടിവെള്ളത്തിനായി നേരത്തെ കുഴിച്ച കുഴൽക്കിണർ ഉപയോഗശൂന്യമാണ്.

30 വർഷം മുൻപ് നിർമിച്ച ജലസംഭരണിയും കാഴ്ചവസ്തുവാണ്. ജീവാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി മാതാ അമൃതാനന്ദമയി മഠത്തിൽ നിന്നും സംഭരണിയും ശുദ്ധീകരണ സംവിധാനവും സ്ഥാപിച്ചെങ്കിലും വെള്ളം എത്താത്തത് പ്രതിസന്ധിയായി. ഇടമാലി, പാറക്കര, ഭഗവതിക്കും പടിഞ്ഞാറ് പ്രദേശത്തുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ആനയടി-കൂടൽ റോഡ് നിർമാണ ജോലിക്കിടെ പൈപ്പ് ലൈനിലുണ്ടാകുന്ന തകരാറുകളാണ് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പാറക്കര ലക്ഷംവീട് കോളനി, മണിവിള ഭാഗങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്.

കുരമ്പാല-തോലുഴം റോഡിലെ യാത്ര ദുരിതമായിട്ട് ഒന്നരവർഷത്തോളമാകുന്നു. പൊടിശല്യമാണ് വലിയ പ്രയാസമായത്. റോഡ് ഇളക്കിയിട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളിലെ യാത്ര പോലും ബുദ്ധിമുട്ടാണ്. ജോലികൾ വൈകുന്നതാണ് പ്രധാന കാരണം. 2021 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നു പദ്ധതി.

ആനയടി-കൂടൽ റോഡിന്റെ ജോലികൾ നടക്കുന്നതിനാൽ ടാറിങ് ഇനിയും വൈകും. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഇതുവഴി ബസ്സോട്ടവും നിലച്ചു. ഓട്ടോറിക്ഷകളും ഇതുവഴി ഓടുന്നത് വിരളമാണ്. വലിയ കുഴികളടച്ചു റോഡ് താൽക്കാലികമായെങ്കിലും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com