ഇരിക്കേണ്ട, ഡോക്ടർ അകത്തില്ല

pathanamthitta-clinic
മഹാണിമല കുരീക്കാട്ടുപടിയിൽ സ്വകാര്യ വ്യക്തിയുടെ രണ്ട് കടമുറികളിലായി‍ പ്രവർത്തിക്കുന്ന നാരങ്ങാനം പഞ്ചായത്തിന്റെ അലോപ്പതി ഡിസ്പൻസറി. ചിത്രം:മനോരമ
SHARE

നാരങ്ങാനം∙ നാട്ടുകാർക്ക് പ്രയോജനമില്ലാത്ത അലോപ്പതി ഡിസ്പെൻസറി. ആഴ്ചയിൽ ആറുദിവസം രോഗികളെ പരിശോധിച്ച് ചികിത്സ നൽകാൻ എത്തേണ്ട ഡോക്ടർ വെറും ഒരു ദിവസം മാത്രമാണു നാരങ്ങാനത്തെ ഡിസ്പെൻസറിയിൽ എത്തുന്നതെന്നാണ് പരാതി. വ്യാഴാഴ്ച മാത്രമാണു ഡോക്ടറുള്ളതെന്ന് പഞ്ചായത്ത് അധികൃതരും സമ്മതിക്കുന്നു. 40 വർഷത്തോളമായി 12-ാം വാർഡിലെ മഹാണിമല കുരീക്കാട്ടുപടിയിൽ സ്വകാര്യ വ്യക്തിയുടെ രണ്ട് കടമുറികളിലായി‍ പ്രവർത്തിക്കുന്ന ഡിസ്പെൻസറി സംസ്ഥാനത്ത് പഞ്ചായത്തുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അപൂർവ ഡിസ്പെൻസറികളിൽ ഒന്നാണ്. 

നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ് ഇവിടെ. രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യമില്ലാത്തതാണു വലിയ പോരായ്മ. വാഹന സൗകര്യമില്ലാത്തതിനാൽ രോഗികൾ നടന്ന് എത്തണം. രോഗികൾ വളരെ നേരം കാത്തിരുന്നാലേ ഡോക്ടറെ കണ്ട് മടങ്ങാൻ പറ്റൂ. എത്തുന്നവരിൽ ഏറെയും വയോധികരാണ്. ഡിസ്‌പെൻസറിയിൽ ആവശ്യത്തിനു ഫർണിച്ചർ ഇല്ല. ചികിത്സയ്ക്ക് എത്തുന്ന രോഗി പ്ലാസ്റ്റിക് പൊട്ടിയ കട്ടിലിലാണു കിടക്കേണ്ടത്.നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഉണ്ടാക്കാൻ ശ്രമിക്കാത്ത തരത്തിൽ അവഗണിക്കപ്പെട്ട ഈ ഡിസ്പെൻസറിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല 

ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള ഡോക്ടറെ കൂടാതെ ഫാർമസിസ്റ്റ്, നഴ്സ്, പാർട്‌ ടൈം സ്കവഞ്ചർ എന്നിങ്ങനെ ഓരോ തസ്തികകളാണുള്ളത്. ഡോക്ടർ ഒഴികെ ബാക്കിയുള്ളവർക്ക് എല്ലാം പഞ്ചായത്ത് ഫണ്ടിൽ നിന്നാണു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നത്.ജീവനക്കാരുടെ ശമ്പളം, മരുന്ന്, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടെ 25 ലക്ഷം രൂപയിൽ അധികം ചെലവിടുന്ന ഈ സ്ഥാപനത്തിൽ നിന്ന് അതിന് ആനുപാതികമായ സേവനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

ഡോക്ടർ എല്ലാ ദിവസവും വേണമെന്നു കാണിച്ചു ഡിഎംഒയ്ക്ക് കത്തു നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഉടൻ തന്നെ അതു നൽകും. ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വേണ്ട നടപടിയും സ്വീകരിക്കുമെന്നു നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA