ADVERTISEMENT

സീതത്തോട്  ∙ പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവയും കേഴമാനും; ഞെട്ടിത്തരിച്ച് ഗൃഹനാഥൻ. ഇന്നലെ വെളുപ്പിന് 5.45ന് പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്. പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയിൽനിന്നു കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബർ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു. സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവർ ഉണരുന്നത്.

pathanamthitta-seethathode-house
കടുവയെ ആദ്യം കണ്ട പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീട്. ചിത്രം. മനോരമ.

കടുവയ്ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടിൽനിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു. കടുവയെ കണ്ടെന്ന വാർത്ത പരന്നതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ പാറയ്ക്കൽ വീട്ടിൽ രാവിലെ മുതൽ നല്ല തിരക്കായിരുന്നു. കാൽപാടുകൾ കടുവയുടേതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനപാലകരെ രാത്രി ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെന്നും വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷ് അറിയിച്ചു.

മൂന്ന് മാസമായി പടയനിപ്പാറ, കൊടുമുടി, മണിയാർ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. ആ കടുവ തന്നെയാകാം ഇതെന്നാണ് കരുതുന്നത്. ജനവാസ മേഖലയാണ് പടയനിപ്പാറ. കടുവയെ കണ്ട സ്ഥലത്തിനു സമീപം കാട്ടാനയുടെ സാന്നിധ്യവും പതിവാണ്. റബർ തോട്ടത്തിൽ പതിവായി എത്തുന്ന ആനയുടെ ശല്യം അസഹനീയമായതോടെ പകൽ പോലും പുറത്തിറങ്ങാൻ സ്ഥലവാസികൾക്കു ഭയമായിരിക്കുകയാണ്. ഇതിനിടെയാണ് കടുവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിരിക്കുന്നത്.

പി.എസ്.രമണി (സുരേഷിന്റെ സഹോദരി)

രാത്രി കുട്ടികളുമായി ഇവിടെ കഴിയാൻ പേടിയാണ്.വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. വീടിനു തൊട്ടു മുകളിൽ കാട്ടാന എത്തുന്നത് പതിവാണ്. വന്യമൃഗശല്യം വേറെ. ഒരു സുരക്ഷിതത്വവും ഇല്ലാത്ത വീടുകളിലാണ് ഞങ്ങൾ കഴിയുന്നത്. വല്ല മൃഗങ്ങളും വന്ന് വീടിന്റെ ഭിത്തിയിൽ തട്ടിയാൽ മതി, എല്ലാം തകർന്ന് താഴെ വീഴും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com