വെച്ചൂച്ചിറ ∙ സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ എബിസിഡി (അക്ഷയ ബിഗ് കാംപയ്ൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതിയെ ഉൾപ്പെടുത്തി 2 മാസത്തിനുള്ളിൽ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങൾക്ക് ആധികാരിക രേഖകൾ നൽകുമെന്ന് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു.നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴി ആദിവാസി സങ്കേതത്തിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് ആധികാരിക സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കലക്ടർ.
മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദേശ പ്രകാരമാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്.പൗരനെന്ന നിലയിലുള്ള അവകാശങ്ങൾക്കും, ആനുകൂല്യങ്ങൾക്കും അർഹരാണെന്നത് ഉറപ്പു വരുത്തുന്നതിന് തിരിച്ചറിയൽ രേഖകൾ അനിവാര്യമാണ്. വ്യക്തിത്വ, കുടുംബ, സാമൂഹിക വികസനങ്ങൾക്കിത് വഴി തെളിക്കും. കൂടാതെ രേഖകൾ ലഭിക്കുന്നതിലൂടെ ആനുകൂല്യങ്ങൾ മറ്റുള്ളവർ നേടിയെടുക്കാതിരിക്കാനും സാഹചര്യം ഉണ്ടാകും.
കൈവശമായ രേഖകൾ ഏതെങ്കിലും സന്ദർഭത്തിൽ നഷ്ടപ്പെടാനിടയായാൽ വീണ്ടെടുക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും സ്വകാര്യത പാലിച്ചു കൊണ്ടു തന്നെ ഡിജിറ്റൽ സംവിധാനത്തിലൂടെ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.കുരുമ്പൻമൂഴി ആദിവാസി കോളനിയിലെ ശാലിനി സന്തോഷിന്റെ പേരിലുള്ള റേഷൻ കാർഡ്, ആധാർ അപ്ഡേഷൻ എന്നിവയുടെ പകർപ്പ് മകൾ സുജിതയ്ക്കു കലക്ടർ നൽകി.
പനമൂട്ടിൽ ദീപയുടെ മകൻ വൈഷ്ണവിന് (4) ആധാർ നൽകുന്നതിനുള്ള ഫോട്ടോ കലക്ടർ എടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, അംഗം മിനി ഡൊമിനിക്, ജില്ലാ പട്ടികവർഗ വികസന ഓഫിസർ എസ്. എസ്.സുധീർ, തഹസിൽദാർ കെ.മഞ്ജുഷ, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ
കെ.ധനേഷ്, സംസ്ഥാന ഉപദേശക സമിതി അംഗം രാജപ്പൻ, ഊരുമൂപ്പൻ പൊടിയൻ കുഞ്ഞുഞ്ഞ്, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡെന്നിസ് ജോൺ, നാറാണംമൂഴി പഞ്ചായത്ത് സെക്രട്ടറി എ.സുരേഷ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ.നിസാർ, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ ഓർഡിനേറ്റർ എസ്.ഷിനു എന്നിവർ പ്രസംഗിച്ചു.