ADVERTISEMENT

പെരിങ്ങര ∙ പാടശേഖരങ്ങളുടെ നാട്ടിലെ പാതകൾക്ക് ഇനി പുതുകവചം. എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകുകയും അതിൽ മുങ്ങുകയും ചെയ്യുന്ന  റോഡുകളുള്ള പെരിങ്ങരയിൽ വെള്ളപ്പൊക്കത്തെയും ചെളിമണ്ണിനെയും അതിജീവിക്കുന്ന  ജിയോ ടെക്സ്റ്റയിൽ പോളിമർ വിരിച്ചാണ് അഴിയിടത്തുചിറ - മേപ്രാൽ റോഡ് നിർമിക്കുന്നത്. ഹൈദരാബാദിൽ നിന്നാണ് ഇവ എത്തിച്ചിരിക്കുന്നത്. വെളുത്ത പെർമിയബിൾ ജിയോ ടെക്സ്റ്റൈൽ ഫാബ്രിക് ആണ്  റോഡു നിർമാണത്തിന് ഉപയോഗിക്കുന്നത്. റയിൽവേ, തീരദേശം  ജലസ്രോതസ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് ജിയോടെക്സ്റ്റൈൽ ഫാബ്രിക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .

ഫിൽറ്ററേഷൻ, വേർതിരിക്കൽ, ഡ്രെയിനേജ്, മണ്ണൊലിപ്പ് നിയന്ത്രണം, മണ്ണ് ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഇതു കൂടുതൽ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.   റോഡിന്റെ വിവിധ പാളികൾ തമ്മിൽ വേർപെടുത്തുക വഴിയും വിവിധ പാളികൾക്കിടയിൽ മെച്ചപ്പെട്ട ഡ്രെയിനേജിലൂടെയും റോഡുകൾ സുസ്ഥിരമാക്കുന്നതിനാണ് ജിയോടെക്‌സ്റ്റൈലുകൾ ഉപയോഗിക്കുന്നത്. റോഡിനു താഴെയുള്ള മണ്ണ്  ചെളിനിറഞ്ഞതോ  നിരന്തരം നനയുന്നതോ ആണെങ്കിൽ സാധാരണ ട്രാഫിക് ലോഡുകളെ താങ്ങാൻ അതിന്റെ സ്വാഭാവിക ശക്തി വളരെ കുറവായിരിക്കും, അങ്ങനെയുള്ള സ്ഥലങ്ങളിൽ ജിയോ ടെക്‌സ്‌റ്റൈൽസ്  കൂടുതൽ ഫലപ്രദമാണ്.

മഴയുള്ള സമയത്ത് റോഡിനെ സംരക്ഷിക്കുകയും ശക്തമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന വലിയ ഷീറ്റുകളായും ജിയോ ടെക്‌സ്റ്റൈൽസ് പ്രയോജനപ്പെടും.  ചെറിയ ചരൽ, മണൽ റോഡിന്റെ വിവിധ പാളികളിൽ കയറി മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിൽ നിന്നും ജിയോടെക്‌സ്റ്റൈൽസ് സംരക്ഷിക്കും.  മണ്ണിനെ ബലപ്പെടുത്തുന്നതിനും കേടുപാടുകൾ തടയുന്നതിനും  നേർത്തതും ശക്തവുമായ സംരക്ഷണ ആവരണമായുംഇതു പ്രയോജനപ്പെടും.

റോഡുകൾ, കെട്ടിടങ്ങൾ, അണക്കെട്ടുകൾ എന്നിവ പോലെയുള്ള നിർമാണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഉപയോഗിക്കുന്ന  വസ്തുക്കളാണു ജിയോടെക്‌സ്റ്റൈൽ. റോഡ് ഉയർത്തി മണ്ണിട്ടുറപ്പിച്ച അഴിയിടത്തുചിറ മുതൽ ചിലങ്ങാട് പടി വരെ 1700 മീറ്ററാണ് ഇപ്പോൾ ജിയോ ടെക്സ്റ്റയിൽസ് വിരിക്കുന്നത്. ഇതിനു മുകളിൽ 20 സെന്റിമീറ്റർ കനത്തിൽ ജിഎസ്ബി ഇട്ടുറപ്പിക്കും. ഈ ജോലിയും ഇന്നലെ തുടങ്ങി. ഇതിനു മുകളിൽ 15 സെന്റിമീറ്റർ വെറ്റ് മിക്സഡ് മെക്കാഡം ഇട്ടുറപ്പിച്ച് അതിനു ശേഷമാണ് ബിഎം, ബിസി ടാറിങ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com