പത്തനംതിട്ട ∙ കാട്ടുപന്നി കുറുകെച്ചാടി ബൈക്കിൽ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു പരുക്ക്. വ്യാഴാഴ്ച വൈകിട്ട് 7.30 ന് കിഴക്കുപുറത്താണ് സംഭവം. 7 മാസം പ്രായമായ മകൻ ഹയാനുമായി ഭാര്യവീട്ടിലേക്ക് പോയ മലയാലപ്പുഴ താഴം നിധീഷ് ഭവനിൽ നിഷാദ് എൻ. നായർക്കും (30) ഭാര്യ കാവ്യയ്ക്കുമാണു (28) കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റത്. ബൈക്കിന് വേഗം കുറവായതിനാൽ വലിയ പരുക്കേറ്റില്ല. റോഡിനു കുറുകെ പാഞ്ഞ കാട്ടുപന്നി ബൈക്കിന്റെ മഡ്ഗാഡിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞു. നിഷാദിന്റെ ഇടതു കയ്ക്കു പരുക്കേറ്റു. കാവ്യയുടെ ഇടതു കാലിനും കൈക്കും ചതവുണ്ട്. കുഞ്ഞ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ കുഞ്ഞിനെ ഇരുവർക്കുമിടയിലായാണ് ഇരുത്തിയിരുന്നത്. പാതിവഴിയിലായപ്പോൾ കുഞ്ഞിനെ കാവ്യ കയ്യിലെടുത്തു പിടിച്ചതു രക്ഷയായി.