ADVERTISEMENT

കോന്നി ∙ ഗവ. മെഡിക്കൽ കോളജിൽ രണ്ടാംവർഷ എംബിബിഎസ് കോഴ്സിന് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണു വിദ്യാർഥികളും അധ്യാപകരും. ആദ്യ എംബിബിഎസ് ബാച്ചിന്റെ ക്ലാസ് കഴിഞ്ഞ വർഷം നവംബർ 15നാണ് ആരംഭിച്ചത്. 100 സീറ്റ് അനുവദിച്ചതിൽ 77 വിദ്യാർഥികളാണ് അന്ന് പ്രവേശനം നേടിയതെങ്കിലും ബാക്കി സീറ്റുകളിൽ കൂടി പിന്നീടു കുട്ടികൾ എത്തിയിരുന്നു. 

85 സീറ്റാണു സംസ്ഥാനത്തു നിന്നുള്ളവർക്കായി അലോട്ട് ചെയ്തിട്ടുള്ളത്. കോളജ് തുടങ്ങി 4 മാസം പിന്നിടുമ്പോൾ രണ്ടാംവർഷ കോഴ്സിനുള്ള ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. തുടർന്നും കമ്മിഷന്റെ പരിശോധന കോളജിൽ ഉണ്ടാകും. അപ്പോഴേക്കും കുട്ടികളുടെ താമസം പുതിയ ഹോസ്റ്റൽ കെട്ടിടത്തിലേക്കു മാറ്റേണ്ടതുണ്ട്.

നിലവിൽ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇവർക്കു താമസം ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളുണ്ട്. ഇത്തരം വിഷയങ്ങൾ കുട്ടികൾ അധികൃതരെ അറിയിച്ചിട്ടുമുണ്ട്. അതിനാൽ ഹോസ്റ്റലിന്റെയും ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെയും പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. കൂടാതെ കോന്നിയിൽ 103 മെഡിക്കൽ വിദ്യാർഥികൾ ഇന്റേൺഷിപ്പിന് എത്തിയിട്ടുണ്ട്. എൻഎംസിയുടെ നിർദേശ പ്രകാരം ടീച്ചിങ് കോളജുകളിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സുകൾക്കാണ് (എഫ്എംജി) ഇന്റേൺഷിപ് നൽകുന്നത്. ഇവർ യുക്രെയ്ൻ അടക്കം വിദേശ രാജ്യങ്ങളിൽ പഠിച്ചവരാണ്. ഇവർക്കുള്ള സൗകര്യം കൂടി ഒരുക്കുക എന്ന ദൗത്യം കൂടിയുണ്ട്.

കോന്നിയിൽ മെഡിക്കൽ കോളജിൽ ഓരോ വർഷവും മെഡിക്കൽ കമ്മിഷന്റെ പരിശോധന ഉണ്ടാകും. കമ്മിഷൻ നിർദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ തൃപ്തികരമായ നിലയിലാണെങ്കിൽ മാത്രമേ അടുത്ത വർഷങ്ങളിലേക്കു പഠനം തുടരാൻ അനുമതി നൽകുകയുള്ളൂ. അക്കാദമിക് ബ്ലോക്കിൽ നിലവിലുള്ള സൗകര്യത്തിൽ കമ്മിഷൻ തൃപ്തിയുള്ളതിനാലാണ് രണ്ടാം വർഷ കോഴ്സിന് അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം എംബിബിഎസ് ക്ലാസ് ആരംഭിച്ചതിനാൽ അടുത്ത 3 വർഷത്തിനുള്ളിൽ പിജി കോഴ്സിന് അപേക്ഷിക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com