പത്തനംതിട്ട∙ ജ്ഞാനം ലഭിക്കാൻ വചനം പഠിക്കണമെന്ന് തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയൽ പൂവണ്ണത്തിൽ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടക്കുന്ന കാത്തലിക് കൺവൻഷന്റെ നാലാം ദിവസം സുവിശേഷ പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
യേശു അപ്പം മുറിക്കുന്നതിനു മുൻപ് വചനം മുറിച്ചു. എന്താണ് ആരാധിക്കുന്നത് എന്ന് വിശ്വാസി അറിയണം. ഈ അറിവാണ് നമ്മെ യഥാർഥ ശിഷ്യരാക്കുന്നത്. എല്ലാ അടിമത്തത്തിൽ നിന്നും ഭയത്തിൽ നിന്നും ദൈവം മോചിപ്പിക്കും. ക്രിസ്തീയ ആത്മീയ മണ്ഡലത്തിൽ വിശ്വാസി ചെയ്യുന്നതെല്ലാം പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
‘സഭയുടെ നവീകരണം’ എന്ന ആശയത്തോടെ നടത്തുന്ന കൺവൻഷൻ ഇന്നു സമാപിക്കും. ഇന്ന് വൈകിട്ട് 4ന് ജപമാല പ്രാർഥനയെത്തുടർന്ന് റാന്നി പെരുനാട് വൈദിക ജില്ലയിലെ വൈദികരുടെ കാർമികത്വത്തിൽ കുർബാന. 5.30ന് വചന പ്രഘോഷണം. മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകും. രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുക്കും.