വേനൽമഴയുടെ സമൃദ്ധിയിൽ ഇത്തവണയും പത്തനംതിട്ട

Pathanamthitta News
SHARE

പത്തനംതിട്ട ∙ കടുത്ത ചൂടിനിടയിലും വേനൽമഴയുടെ സമൃദ്ധിയിൽ പത്തനംതിട്ട ജില്ല. മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. ശരാശരി 50.3 മില്ലീമീറ്റർ കിട്ടേണ്ട സ്ഥാനത്ത് ജില്ലയിൽ പെയ്തിറങ്ങിയത് 74.9 മില്ലീമീറ്റർ. ദീർഘകാല ശരാശരിയുടെ ഏകദേശം 50 ശതമാനത്തോളം അധികമാണിത്. ശബരിഗിരി പദ്ധതിയുടെ ഭാഗമായി ഇരുപതിലേറെ ചെറുതും വലുതുമായ അണക്കെട്ടുകളുള്ള ജില്ലയ്ക്ക് ഇത് നേട്ടമായി. നിലവിൽ  പമ്പാ അണക്കെട്ടിൽ ശേഷിയുടെ 49 ശതമാനം വെള്ളമുണ്ട്. ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 43 ശതമാനമാണ് ജലനിരപ്പ്. 

വിസ്തൃതിയുടെ പകുതിയോളം വനമുള്ള ജില്ലയിൽ കാട്ടുതീക്കുള്ള സാധ്യത വേനൽമഴ കെടുത്തുന്നു എന്നത് വനം വകുപ്പിനും ആശ്വാസമേകുന്നു.വടക്കൻ കേരളത്തിൽ ഈ കാലയളവിൽ കാര്യമായ മഴ ഇല്ലാത്തത് വേനൽച്ചൂടിന്റെ കാഠിന്യം വർധിപ്പിക്കുന്നു. കണ്ണൂരിൽ മഴക്കുറവ് 100 ശതമാനമാണ്. എന്നു വച്ചാൽ ഒരു തുള്ളി മഴപോലും ലഭിച്ചില്ല. അതേസമയം, വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ളാഹയിലുള്ള സ്വയം നിയന്ത്രിത മഴമാപിനിയിൽ 101 മില്ലീമീറ്ററോളം (10.1 സെമീ) തീവ്രമഴ ലഭിച്ചത് കഴിഞ്ഞ ദിവസം രാജ്യത്തു തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയായിരുന്നു.

മറ്റിടങ്ങളിലെ മഴ: കാ‍ഞ്ഞിരപ്പള്ളി (9 സെമീ), വെൺകുറിഞ്ഞി (7.9), കോന്നി (5), റാന്നി (4.8), വട്ടവട (4), നേര്യമംഗലം (3.7).സംസ്ഥാനത്ത് ഇന്നും നാളെയും കൂടി വേനൽമഴയ്ക്കു സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ചൂടിന് അൽപം ശമനമുണ്ട്. 36 ഡിഗ്രി സെൽഷ്യസ് കൂടിയ ചൂട് പാലക്കാട്ടും 20 ഡിഗ്രി ഏറ്റവും കുറഞ്ഞ രാത്രിതാപം പുനലൂരും രേഖപ്പെടുത്തി.

ശനിയാഴ്ച വൈകുന്നേരവും ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലയിൽ മഴ ലഭിച്ചു.കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുമധികം വേനൽമഴ കിട്ടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS