ADVERTISEMENT

റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിൽ തോട്ടമൺകാവ് അമ്പലംപടിക്കും പേൾ സ്ക്വയറിനും മധ്യേ വളവിൽ തുടരെയുണ്ടാകുന്ന അപകടത്തിന്റെ ഉറവിടം കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്. കുമളിക്കുള്ള കെഎസ്ആർടിസി ബസിൽ നിന്ന് ഡീസൽ റോഡിൽ വീഴുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് കണ്ടെത്തൽ.

ദിവസവും രാവിലെ 7 മണിക്കു മുൻപാണ് ഡീസൽ റോഡിൽ വീണിരുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇന്നലെ രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി നിലയുറപ്പിച്ചു. പത്തനംതിട്ട–കുമളി ബസിൽ നിന്ന് ഡീസൽ വളവിൽ വളവിൽ വീഴുന്നത് അദ്ദേഹം നേരിൽ കണ്ടു. തുടർന്ന് ബസിന്റെ പിന്നാലെ കെഎസ്ആർ‌ടിസി ഓപ്പറേറ്റിങ് സെന്ററിലെത്തി ബസ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കണ്ട് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ഇതാവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചാണ് പ്രകാശ് മടങ്ങിയത്.

കോന്നി–പ്ലാച്ചേരി റോഡ് വികസനത്തിന്റെ ഭാഗമായി വളവ് വീതി കൂട്ടി പണിതിരുന്നു. അതിനു മുൻപും ഇവിടെ അപകടങ്ങൾ തുടരെ നടന്നിരുന്നു. ബ്ലോക്കുപടി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ വളവ് തിരിച്ചെടുക്കുമ്പോൾ സമീപത്തെ വീടിന്റെ മുറ്റത്തേക്കും മുന്നിലേക്കും മറിയുകയായിരുന്നു. അൻപതിലധികം അപകടങ്ങൾ മുൻപ് ഇവിടെ നടന്നിട്ടിട്ടുണ്ട്.

റോഡ് വികസിപ്പിച്ചു കഴിഞ്ഞും അപകടങ്ങൾ‌ ഒഴിഞ്ഞിരുന്നില്ല. വളവു വീശിയെടുക്കുന്ന ബസിൽ നിന്ന് ഡീസൽ റോഡിൽ വീഴുന്നതാണ് പൊല്ലാപ്പായിരുന്നത്. അതിൽ തെന്നിയാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നത്. വെള്ളിയാഴ്ച രാവിലെ ടോറസ് ലോറിക്ക് അടിയിൽപ്പെട്ട ഇരുചക്ര വാഹന യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വ്യാഴാഴ്ചയും 2 ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണിരുന്നു. അതിനു ശേഷം അഗ്നി രക്ഷാസേന സോപ്പു വെള്ളം ഉപയോഗിച്ച് റോഡ് കഴുകിയിരുന്നു. വെള്ളിയാഴ്ച അപകടമുണ്ടായ ശേഷം സേനാംഗങ്ങളെത്തി അറപ്പു പൊടി വിതറിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com