ADVERTISEMENT

പത്തനംതിട്ട ∙ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകിയും സമ്പൂർണ ശുചിത്വം ലക്ഷ്യംവച്ചും‍ ജില്ലാ പഞ്ചായത്ത് ബജറ്റ്. 10.50 കോടി രൂപ ചെലവിട്ട് ജില്ലയുടെ ഭക്ഷ്യസുരക്ഷക്ക് വിപുലവും ശാസ്ത്രീയവുമായ പദ്ധതികൾ തയാറാക്കാനും ജൈവവള പ്രയോഗം ഗ്രീൻ ഹൗസ്, മാർച്ചിങ് തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് കാർഷിക വിളകൾ വർധിപ്പിക്കാനും കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ആവശ്യമായ സംഭരണ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് മായാ അനിൽ കുമാർ അവതരിപ്പിച്ചത്. 

4.68 കോടി രൂപ മുൻ ബാക്കിയും, 140.40 കോടി രൂപ ഈ വർഷത്തെ വരവും ചേർത്ത് 145.09 കോടി രൂപ ആകെ വരവും, 139.80 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സമ്പൂർണ ശുചിത്വം, കാർഷിക മേഖല, വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, യുവജനക്ഷേമം, വയോജന ക്ഷേമം, ആരോഗ്യം, ഭവന നിർമാണം, പട്ടികജാതി പട്ടിക വർഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകൾക്കും ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്.

സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 4.40 കോടി രൂപയും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള എബിസി കേന്ദ്രം നിർമിക്കുന്നതിന് ഒന്നരക്കോടി രൂപയും വയോജന സൗഹൃദ ജില്ലയായി ജില്ലയെ മാറ്റാനുള്ള പദ്ധതികൾക്കായി 1.70 കോടി രൂപയും ജില്ലയുടെ വിദ്യാഭ്യാസ രംഗം മികവുറ്റതായി മാറ്റിയെടുക്കാനുള്ള പദ്ധതികൾക്കായി 9.85 കോടി രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി 2.65 കോടി രൂപയും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതിയുൾപ്പെടെ ആരോഗ്യ മേഖലയ്ക്കായി 11.30 കോടി രൂപയും യുവജന ക്ഷേമത്തിനായി 41 ലക്ഷം രൂപയും സ്വന്തമായി ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾക്കായി 2.39 കോടി രൂപയും മത്സ്യ കൃഷി വികസനത്തിനായി 1.07 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലെ ഭവന നിർമാണത്തിനായി 10 കോടി രൂപയും വകയിരുത്തി.

പട്ടികജാതി വികസനത്തിന്റെ ഭാഗമായി തൊഴിൽരഹിതരായ യുവതി യുവാക്കൾക്കായി വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്ത് പരിശീലിക്കാൻ അലവൻസ് നൽകുന്ന പദ്ധതി ഉൾപ്പെടെ പട്ടികജാതി ക്ഷേമത്തിന് 3.85 കോടി രൂപയും വകയിരുത്തി. പട്ടിക വർഗ ക്ഷേമത്തിനായി 92.54 ലക്ഷം രൂപയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ജില്ലാ തലത്തിൽ സ്ത്രീകളുടെ സാമൂഹികപദവി ഉയർത്തുന്നതിന് അടക്കമുള്ള സ്ത്രീ സുരക്ഷ, വനിത ക്ഷേമത്തിനായി 1.35 കോടി രൂപയും, ട്രാൻസ്ജെൻഡർ സൗഹൃദ പദ്ധതികളടക്കം സാമൂഹികക്ഷേമത്തിനായി 10 ലക്ഷം രൂപയും ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 1.50 കോടി രൂപയും ഊർജ മേഖലയ്ക്ക് 2.33 കോടി രൂപയും ദാരിദ്ര്യ ലഘൂകരണം തൊഴിൽ മേഖല എന്നിവയ്ക്ക് 2.20 കോടി രൂപയും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്കും റോഡുകൾ നവീകരിക്കുന്നതിനായി 45.02 കോടി രൂപയും കലാ, സാംസ്കാരിക വികസനത്തിനും, കായികക്ഷേമത്തിനും 1.70 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പൊതുഭരണ വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം എന്നീ ചാർജുകൾക്കായി 53 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഓഫിസ് നവീകരണ പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കൊടുമൺ റൈസ് മില്ലിന്റെ പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനും റാന്നി കാർഷികോൽപാദന കമ്പനിക്ക് പശ്ചാത്തല വികസനത്തിനും ഫണ്ട് അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും ശർക്കര ഉൽപാദനം ആരംഭിക്കുന്നതിനും ഊന്നൽ നൽകുമെന്നും ഭക്ഷണം പാകം ചെയ്തു കഴിക്കാൻ കഴിയാത്തവരുള്ള വീടുകളിൽ ഭക്ഷണം എത്തിക്കുന്ന മാർ ക്രിസോസ്റ്റം മീൽസ് ഓൺ വീൽസ് പദ്ധതി 8 ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ ആർ. അജയകുമാർ, ജിജി മാത്യു, ബീന പ്രഭ, ലേഖ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, രാജി പി.രാജപ്പൻ, സി.കെ.ലതാകുമാരി, ജെസി അലക്സ്, ജോർജ് ഏബ്രഹാം, ജിജോ മോഡി, വി.ടി.അജോമോൻ, സി. കൃഷ്ണകുമാർ, ജി.ശ്രീനാദേവി കുഞ്ഞമ്മ, സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്.നൈസാം തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com