അപകടത്തിൽപ്പെട്ടവരെ മിനിറ്റുകൾക്കകം ബസിനു പുറത്തെത്തിച്ചു; വൻ ദുരന്തം വഴിമാറിയതിങ്ങനെ...

bus-accident-pathanamthitta
അപകടത്തിൽപെട്ട ബസിൽനിന്നു പുറത്തെടുത്ത തീർഥാടകനെ ആംബുലൻസിൽ കയറ്റാനായി കൊണ്ടുപോകുന്നു.
SHARE

സീതത്തോട് ∙ ശബരിമല പാതയിൽ ഇലവുങ്കലിനു സമീപം തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത് വയനാട് കലക്ടറുടെ ഡ്രൈവർ ഗ്രേഡ് എസ്ഐ പി.ബി.സുനിൽകുമാർ. പൊലീസ് പരിശീലനത്തിനിടെ ലഭിച്ച ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അപകടം പറ്റിയവരെ മിനിറ്റുകൾക്കകം വാഹനത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞതു കാരണം വൻ ദുരന്തം വഴിമാറി. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുനിൽകുമാർ ഉൾപ്പെട്ട 27 അംഗങ്ങൾ അപകടത്തിൽപെട്ട ബസിന്റെ 100 മീറ്റർ പിന്നിലായി ഉണ്ടായിരുന്നു. വളവ് തിരിഞ്ഞുപോകുന്ന ബസ് പെട്ടെന്ന് കുഴിയിലേക്കു മറിയുന്നതാണ് കാണുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മിനി ബസിലെ തീർഥാടകരിൽ ഏറെയും യുവാക്കളായിരുന്നു.

അപകട സ്ഥലത്ത് ഇവരുടെ വാഹനം നിർത്തി യുവാക്കളുടെ സംഘം ഓടി ബസിനടുത്ത് എത്തി.ബസ് ഒരു വശത്തേക്കു ചെരിഞ്ഞ് കിടക്കുന്നതിനാൽ തീർഥാടകരിൽ മിക്കവരും ഒന്നിനു പുറത്ത് ഒന്നൊന്നായാണ് കിടന്നിരുന്നത്. ബസിന്റെ പിന്നിലെ ഗ്ലാസ് തകർത്താണ് സംഘം ഉള്ളിൽ കടന്നത്. വാഹനത്തിനടുത്തേക്ക് ഓടുന്നതിനിടെ സുനിൽകുമാർ 112ൽ പൊലീസ് ആസ്ഥാനത്ത് ഫോണിൽ വിളിച്ച് അപകട വിവരങ്ങൾ കൈമാറി. ഒപ്പം കൃത്യ സ്ഥലവും അറിയിച്ചു.

pathanamthitta-sabarimala-pilgrims-bus-accident-1
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു.

രക്ഷാപ്രവർത്തകർ ബസിനുള്ളിൽ കടന്നപ്പോഴാണ് ഡീസൽ പൊട്ടി ഒഴുക്കുന്നത് കാണുന്നത്. ഉടൻ തന്നെ സുനിൽകുമാർ വീണ്ടും 112 വിളിച്ച് അഗ്നിരക്ഷാ സേനയുടെ സഹായവും തേടി. ഇതിനോടകം തന്നെ ബസിനുള്ളിൽ ഉണ്ടായിരുന്ന 4 പേർ ഒഴികെ എല്ലാവരെയും റോഡിൽ ചുമന്ന് എത്തിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി. സ്തുത്യർഹമായ സേവനത്തിനു 2016ൽ സുനിൽകുമാറിനു മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സംഘം വയനാട്ടിലേക്കു തിരിച്ചത്.

accident-10
ശബരിമല തീർഥാടനപാതയിൽ ഇലവുങ്കലിനു സമീപം മറിഞ്ഞ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു. ചിത്രം: മനോരമ

50 പേർക്കു പരുക്ക്

ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 50 പേർക്കാണ് പരുക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങുംവഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഇലവുങ്കൽ കഴിഞ്ഞ് എരുമേലി റൂട്ടിൽ നാറാണുതോട്ടിലേയ്ക്കു വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. 8 കുട്ടികളടക്കം തഞ്ചാവൂർ സ്വദേശികളായ 64 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

3 കുട്ടികൾ ഉൾപ്പെടെ 14 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രി, നിലയ്ക്കൽ ഗവ.ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യം (52), രംഗനാഥൻ (85) എന്നിവർക്ക് സാരമായി പരുക്കേറ്റു. കഴുത്തിൽ മുറിവേറ്റ രംഗനാഥനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബാല സുബ്രഹ്മണ്യന്റെ മൂന്നു വാരിയെല്ലുകൾ പൊട്ടി. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

pathanamthitta-sabarimala-pilgrims-bus-accident-4
പത്തനംതിട്ട ഇലവുങ്കല്‍-എരുമേലി റോഡില്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ്.

ബസിനു പിന്നാലെ വന്ന മറ്റു തീർഥാടകരും നാറാണംതോട്ടിൽനിന്ന് എത്തിയവരുമാണ് പരുക്കേറ്റവരെ ആദ്യം ബസിൽ നിന്ന് പുറത്തെത്തിച്ചത്. നിലയ്ക്കൽ, പമ്പ, സീതത്തോട്, പത്തനംതിട്ട, റാന്നി തുടങ്ങിയ ഭാഗത്തുനിന്നും രക്ഷാപ്രവർത്തകരെത്തി. പമ്പ സ്പെഷൽ ഓഫിസർ അജ്ജു പാലിവാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. പരുക്കേറ്റവരെ കൊണ്ടുപോകാൻ ആംബുലൻസുകൾ മിനിറ്റുകൾക്കകം എത്തിയത് രക്ഷാപ്രവർത്തനം വേഗത്തിലാക്കി. അഗ്നിരക്ഷാസേനയും പത്തനംതിട്ട ആർടിഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ മോട്ടർ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മെഡിക്കൽ കോളജിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. തീർഥാടകർക്കു വേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായൺ എംഎൽഎ, കെ.യു. ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ, തുടങ്ങിയവരും പരുക്കേറ്റവരെ സന്ദർശിച്ചു.

bus-accident-pathanamthitta1
പരുക്കേറ്റ ശബരിമല തീർഥാടകരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ. ചിത്രം:മനോരമ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS