കോന്നി ∙ ഔഷധസസ്യമായ കായാമ്പൂ വീട്ടുപറമ്പിൽ പൂത്തത് കൗതുകമായി. മങ്ങാരം ചിറയ്ക്കൽ ഭാഗം വരുവാതിയിൽ വി.എസ്.ജോണിക്കുട്ടിയുടെ വീട്ടുമുറ്റത്തോടു ചേർന്നുള്ള പറമ്പിലാണ് കായാമ്പൂ പൂത്തത്. 3 വർഷം മുൻപ് ചെടി നടുമ്പോൾ കായാമ്പൂവാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ചെടി പൂവിട്ടപ്പോഴാണ് അന്വേഷണം നടത്തുകയും തിരിച്ചറിയുകയും ചെയ്തത്.
പണ്ടു കാലത്ത് നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന കായാമ്പൂവെന്ന ഔഷധസസ്യം അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. കുന്നിൻചെരിവുകളിലും കുറ്റിക്കാടുകളിലുമാണ് ഇവ വളർന്നിരുന്നത്. ഇതിന്റെ ഔഷധഗുണവും ഏറെയാണ്. യൗവനം നിലനിർത്താൻ വേണ്ടി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഈ ചെടിയുടെ വേര് മുതൽ ഇല വരെ ഔഷധഗുണമുള്ളതാണ്. ഇല വായിലിട്ടു ചവച്ചാൽപോലും ഗുണകരമാകുമെന്നാണ് പറയുന്നത്. ചെറിയ മധുരവും ഉണ്ട്. വർഷത്തിൽ ഒരു തവണ ഇതു പൂക്കും. ചെറിയ സുഗന്ധവുമുണ്ട്.കനലി, കശാവ് എന്നൊക്കെ വിളിക്കാറുള്ള ഈ ചെടിയുടെ കമ്പുകൾക്ക് നല്ല കട്ടിയാണുള്ളത്. വേരിനും ബലമുള്ളതിനാൽ ചരിഞ്ഞ പ്രദേശങ്ങളിൽ മണ്ണൊലിപ്പു തടയാനും ഈ ചെടി കാരണമായിരുന്നു.