ADVERTISEMENT

കോഴഞ്ചേരി ∙ ‘മലഞ്ചൂരൽ മടയിൽ നിന്നുമെത്തുന്ന കുറത്തിക്ക്’ ചുമർചിത്ര മാതൃകയിൽ പകർന്നാട്ടം. വിളഞ്ഞ ചൂരപ്പനമ്പും കരീലാഞ്ചി വളളികളാൽ ആടിയുലയുന്ന മുടിയും കരിനാഗക്കളവുമുൾപ്പെടെ കവിതയിലെ പ്രധാന ബിംബങ്ങളെല്ലാം സവിശേഷത‍‍യോടെ ചിത്രത്തിൽ തെളിയുന്നു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ പ്രശസ്ത കവിതയായ കുറത്തിക്ക് ചിത്രരൂപം നൽകിയത് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ചീഫ് മ്യൂറൽ ആർട്ടിസ്റ്റായ സുരേഷ് മുതുകുളമാണ്. മലയാളത്തിന്റെ പ്രിയകവിയുടെ ചരമവാർഷിക ദിനമായ മാർച്ച് 31ന് കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ വൈകിട്ട് 5ന് നടത്തുന്ന ചടങ്ങിൽ കാവ്യചിത്രം പ്രദർശിപ്പിക്കും.

കണ്ണുകളുടെ സ്ഥാനത്ത് ചിറകുവിടർത്തിയ പരുന്ത്, അതിൽ അഗ്നിഗോളം. ചെവികളായി കരിനാഗം. വിളഞ്ഞ ചൂരൽ പനമ്പുപോലെ കൈ. ജലചക്രമാണ് കമ്മൽ. ജലചക്രത്തിൽ നിന്നും കഴുത്തിലൂടെ ഒഴുകുന്ന പുഴയാണ് ആടയാഭരണം. മുടുപൊട്ടിയ മൺകുടവും തേൻകുടവുമാണ് മാറിൽ. മൺകുടത്തിൽ നിന്നും മലവെള്ളത്തിൽ ഒലിച്ചെത്തുന്ന കറുത്ത മക്കളെ കാണാം.

ഉയർത്തിപ്പിടിച്ച ഒരു കൈയിൽ തീപ്പൊരി, മറുകൈയുടെ വിരൽ തീയിലേക്ക് ചൂണ്ടുന്നു. ഇത്തരത്തിൽ കവിതയിലെ പ്രധാന ബിംബങ്ങൾ ചിത്രത്തിലുണ്ട്. നഗരവൽക്കരണത്തിന്റെ പ്രതീകങ്ങളായി കോട്ടകൊത്തളം, മലതുരന്ന് പാഞ്ഞ് പോകുന്ന തേരുകൾ എന്നിവയും ചിത്രത്തിലുണ്ട്. പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിച്ചിട്ടുളളത്.

മല കലങ്ങി വരുന്ന നദി പോൽ

ആസ്വാദനത്തെ നടുക്കിയുണർത്തിയ കവിതയുടെ കരുത്ത് ചോരാതെയാണ് സുരേഷ് മുതുകുളം ചിത്രരൂപം തയാറാക്കിയത്. വരികളുടെ വിന്യാസം അനുസരിച്ച് ചിത്രം തയാറാക്കുന്നതിന് മൂന്നുമാസത്തെ പ്രയത്നം വേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. 2018–ലെ മഹാപ്രളയത്തിന്റെ ആസുരത നേരിൽ കണ്ടതിന് പിന്നാലെയാണ് കവിതയ്ക്ക് ചിത്രരൂപം പകരാനുളള ആശയം രൂപപ്പെട്ടതെന്ന് സുരേഷ് പറഞ്ഞു. അന്ന് പമ്പാനദിയുടെ തീരത്തുളള വീടിന്റെ മുകളിലിരിക്കവേ കലി തുളളിയെത്തുന്ന വെളളപ്പാച്ചിൽ കണ്ടപ്പോൾ ‘മല കലങ്ങി വരുന്ന നദി പോൽ’ എന്ന കടമ്മനിട്ടയുടെ വരികളാണ് ഓർമയിലെത്തിയത്. തുടർന്ന് കുറത്തിയെ ചുമർചിത്രരൂപത്തിൽ പകർത്താനുളള ഒരുക്കം പതിയെ ആരംഭിച്ചു. ചിത്രത്തിന് 5 അടി നീളവും 4 അടി വീതിയുമുണ്ട്.

ചുമർചിത്രകലയിൽ മാറ്റങ്ങൾ തീർത്ത മെക്സിക്കൻ മ്യൂറൽ ആർട്ടിസ്റ്റായ റെവേറയെ ഇഷ്ടപ്പെടുന്ന സുരേഷ് മുതുകുളം കാൽനൂറ്റാണ്ടായി ഈ രംഗത്തുണ്ട്. വൈലോപ്പിളളിയുടെയും കുമാരാനാശാന്റെയും ഒ.വി. വിജയന്റെയും കൃതികൾക്കും ചിത്രഭാഷ ഒരുക്കിയിട്ടുണ്ട്. കടമ്മനിട്ടയുടെ പ്രശസ്ത കവിതകൾ ചിത്രരൂപത്തിലാക്കാനുളള പരിശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com