ADVERTISEMENT

റാന്നി ∙ വൺവേ തെറ്റിച്ചെത്തി വീട്ടമ്മയെ ഇടിച്ചിട്ടിട്ടു പോയ ബൈക്ക് യാത്രക്കാരനെ 2 മാസത്തോളം നീണ്ട അന്വേഷണത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചീങ്കൽത്തടം ചെറാടി തെക്കേച്ചരുവിൽ സി.ആർ.രാഹുലാണ് (26) അറസ്റ്റിലായത്.പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്കു മുൻവശം ജനുവരി 31ന് രാവിലെ 7.58ന് ആണ് സംഭവം. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറിയാമ്മയെയാണ് (57) ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാതെയും പൊലീസിൽ വിവരം അറിയിക്കാതെയും രാഹുൽ കടക്കുകയായിരുന്നു. വലതു കാലിന്റെ അസ്ഥിക്ക് 5 പൊട്ടലുണ്ടായ മറിയാമ്മ ഇപ്പോഴും ചികിത്സയിലാണ്.

മറിയാമ്മയുടെ മകന്റെ മൊഴി പ്രകാരം റാന്നി എസ്ഐ ശ്രീജിത്ത് ജനാർദ്ദനനാണ് കേസ് റജിസ്റ്റർ ചെയ്തത്. ബൈക്കും ഓടിച്ചിരുന്നയാളെയും കണ്ടെത്താൻ കേസെടുത്തതു മുതൽ പൊലീസ് അന്വേഷണത്തിലായിരുന്നു. റോഡ് വശത്തെ സിസിടിവി ക്യാമറകളും ഇരുചക്ര വാഹന ഷോറൂമുകളും വാഹന പണിശാലകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വാഹനത്തെപ്പറ്റി സൂചനകൾ ലഭിച്ചിരുന്നെങ്കിലും ഓടിച്ചയാളെപ്പറ്റി തുമ്പൊന്നും കിട്ടിയിരുന്നില്ല. 

ഒരിക്കലും പൊലീസ് തന്നെ കണ്ടെത്തില്ലെന്നു വിശ്വസിച്ച് പതിവു പോലെ ജോലിക്കു പോയ യുവാവിനെ വാഹനത്തിന്റെ  നിറവും  രൂപവും  കണ്ട് പൊലീസ് പിടികൂടുകയായിരുന്നു. എസ്ഐയെ കൂടാതെ സിപിഒമാരായ സുമിൽ, എൽ.ടി.ലിജു, ജോജി, ഷിന്റോ, ആൽവിൻ, ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com