ADVERTISEMENT

ഓതറ ∙ പുതുക്കുളങ്ങര പടയണിയുടെ മാത്രം പ്രത്യേകതയായ മഹാഭൈരവി കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി.28 ദിവസത്തെ പ്രയത്നത്തിന്റെ പ്രതിഫലനമായി കിഴക്കുനിന്നു ക്ഷേത്രമുറ്റത്തേക്ക് എത്തിച്ച ഭൈരവി കോലം ഇന്നലെ പുലർച്ചെയോടെ പടയണിക്കളത്തിൽ എത്തി. പുലവൃത്തത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മഹാഭൈരവി കോലത്തിന്റ പാള ചെത്തുന്ന ജോലികൾ ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയിരുന്നു.

അന്തരയക്ഷി, സുന്ദര യക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി, തുടങ്ങിയ കോലങ്ങളും 101 പാളയുടെ ഭൈരവി കോലവും സമാപനദിവസം പുതുക്കുളങ്ങര പടയണിക്കളത്തിൽ എത്തി. പുറമറ്റം ശ്രീദേവി പടയണി സംഘം പടയണി വിനോദമായ കാക്കാരിശ്ശി അവതരിപ്പിച്ചു.പുലർച്ചെ അഞ്ചരയോടെ 50 അടിയോളം ഉയരത്തിലുള്ള മഹാഭൈരവി കോലം ഒന്നിനു താഴെ ഒന്നായി ഒരുക്കിയ അഞ്ച് വലിയ മുഖങ്ങളുമായി തീപ്പന്തത്തിന്റെ വെളിച്ചത്തിൽ എഴുന്നള്ളി.

ഭദ്രകാളിയുടെ വിരാട രൂപമായ മഹാഭൈരവി കോലത്തിൽ ഭദ്രകാളിയുടെ കർണാഭരണങ്ങളായി വരച്ചിരിക്കുന്നത് സിംഹവും ആനയുമാണ്. കോലത്തിന്റെ തിരുമുടിയായി കുരുത്തോല അല്ലികളും നാഗമുഖങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഏറ്റവും പുറത്തുള്ള വരിയിൽ 66 മുഖങ്ങളും അതിനുള്ളിൽ 17 വരികളിലായി നൂറുകണക്കിന് മുഖങ്ങളും വരച്ച് ചേർത്തിരുന്നു.

സാധാരണ ഭൈരവി കോലങ്ങൾ തലയിൽ എടുത്ത് തുള്ളുകയാണ് പതിവ്. 101 പച്ചപ്പാളയിൽ തീർത്ത ഭൈരവി കോലങ്ങൾ വരെ തലയിൽ എടുത്ത് കലാകാരന്മാർ ചുവടുവയ്ക്കും. ഇതിന്റെ പത്തിരട്ടി വലിപ്പമുള്ള കോലമായതിനാൽ തടികൊണ്ടുള്ള ചക്രങ്ങളും ചട്ടവും ഉപയോഗിച്ചാണ് കോലം കളത്തിൽ എത്തിച്ചത്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കോലത്തിൽ സ്ഥാപിച്ച 51 പന്തത്തിന്റെയും ചൂട്ടുകറ്റയുടെയും അകമ്പടിയിൽ എത്തുന്ന മഹാഭൈരവി കോലം നാടൻ കലാരംഗത്ത് വിസ്മയ കാഴ്ചയാണ്. 

ചെത്തിമിനുക്കിയ 1001 പച്ചക്കമുകിൻപാളയിൽ പ്രകൃതി വർണങ്ങൾ ചാലിച്ച് എഴുതിയ മഹാഭൈരവി കോലം 35 ചിത്രകലാകാരന്മാരുടെ 50 മണിക്കൂർ അധ്വാനത്തിന്റെ ഫലമാണ്. അത് തയാറാക്കുന്ന ചട്ടവും ചാടും ഒരുക്കാൻ 5 ദിവസം വേണ്ടിവന്നു. പടയണിയുടെ സമാപന നാളിൽ വഞ്ചിപ്പാട്ടിന്റെയും പടയണിപ്പാട്ടിന്റെയും അകമ്പടിയിൽ മഹാഭൈരവി കോലം എഴുന്നള്ളിയപ്പോൾ ഒരാണ്ടു മുഴുവൻ കാത്തിരുന്ന കർഷക ജനതയുടെ വിശ്വാസ സമർപ്പണം സമ്പൂർണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com