പന്തളം ∙ ഇറിഗേഷൻ വകുപ്പിന്റെ കനാൽ തുറന്നു വിട്ടു ചാലിൽ വെള്ളം നിറഞ്ഞതോടെ മാവരപ്പാടത്തെ കർഷകർ ആശങ്കയിലായി. പാടത്തിന്റെ മധ്യഭാഗത്തു കൂടിയുള്ള വിസ്തൃതമായ ചാലാണ് വെള്ളം നിറഞ്ഞ നിലയിലുള്ളത്. വേനൽ മഴ ശക്തി പ്രാപിച്ചാൽ ചാൽ കവിഞ്ഞൊഴുകും. 2 ആഴ്ചയ്ക്ക് ശേഷം കൊയ്യാൻ പാകമായ നെൽച്ചെടികൾക്ക് ഇത് കടുത്ത ഭീഷണിയാകും.
ചാലിനോട് ചേർന്ന ഭാഗത്ത് ഇപ്പോൾ ചെറിയ തോതിൽ വെള്ളക്കെട്ടുണ്ട്. ഇത് കതിരണിഞ്ഞ നെൽച്ചെടികളുടെ ചുവട് അഴുകാൻ കാരണമാകും. മഴ പെയ്താൽ ചാൽ കവിഞ്ഞൊഴുകുന്നതും പ്രതിസന്ധിയാകുമെന്നാണ് ആശങ്ക. കൊയ്ത്ത് സമയത്ത് പാടത്ത് വലിയ തോതിൽ ജലാംശമുണ്ടായാൽ കൊയ്ത്ത് മെതിയന്ത്രം പാടത്തേക്കിറക്കാനും ബുദ്ധിമുട്ടാകും. മുൻ വർഷങ്ങളിലും ഇതേ പ്രതിസന്ധികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നാണ് പാടശേഖരസമിതികളുടെ പരാതി.
നവംബറിലാണ് പാടത്ത് വിത്ത് വിതച്ചത്. ഫെബ്രുവരി ആദ്യത്തോടെ തന്നെ ജലക്ഷാമം രൂക്ഷമായിരുന്നു. പാടം വീണ്ടുകീറി ചില ഭാഗങ്ങളിൽ നെൽക്കൃഷി നശിക്കുകയും ചെയ്തു. പല തവണ ആവശ്യപ്പെട്ടിട്ടും ഈ സമയമൊന്നും അധികൃതർ വെള്ളം തുറന്നുവിട്ടില്ല. ദിവസങ്ങൾ വൈകിയാണ് ചാലിലേക്ക് വെള്ളം തുറന്നു വിട്ടത്. ഇപ്പോൾ ചാൽ നിറഞ്ഞിട്ടും ചാലിലേക്കുള്ള ഒഴുക്ക് നിർത്തിയിരുന്നില്ലെന്നാണ് പരാതി. കടയ്ക്കാട് കൃഷി ഫാമിന്റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് ചാലിലേക്ക് പതിച്ചിട്ടുണ്ടെന്നു കർഷകർ പറയുന്നു.