പത്തനംതിട്ട ∙ സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റോഡ് നിർമാണത്തിനായി ജർമൻ ബാങ്ക് നൽകിയ തുക വകമാറ്റി ചെലവഴിച്ചതു കാരണം ബില്ലുകൾ മാറി കിട്ടാത്തതിനാൽ കെഎസ്ടിപി ഏറ്റെടുത്ത ജില്ലയിലെ 5 റോഡുകളുടെ നിർമാണം ഇഴയുന്നു.പത്തനംതിട്ട- കടമ്മനിട്ട- അയിരൂർ (11 കിലോ മീറ്റർ), മുട്ടുകുടുക്ക- ഇല്ലത്തുപടി ( 2 കിലോ മീറ്റർ), പ്രക്കാനം- മുട്ടുകുടുക്ക (3 കിലോ മീറ്റർ), ഇലവുംതിട്ട- പ്രക്കാനം (2.5 കിലോ മീറ്റർ), കുളനട-രാമഞ്ചിറ (3.5 കിലോമീറ്റർ) എന്നീ റോഡുകളാണ് ജർമൻ ബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി ഏറ്റെടുത്ത് നിർമാണം നടത്തുന്നത്.
ഇതിന്റെ പണികൾ തുടങ്ങിയിട്ട് ഒരു വർഷത്തിൽ കൂടുതലായി. എല്ലാ റോഡിലും പണി തുടങ്ങി, എന്നാൽ ഒന്നും പൂർത്തിയാക്കിയില്ല. കരാറുകാരൻ നൽകിയ ബില്ലുകൾ ഒന്നും മാറി നൽകിയിട്ടില്ല. അതിനാൽ പണമില്ലാതെ പണി മുന്നോട്ടു നീങ്ങുന്നില്ല.ട്രഷറികളിൽ കരാറുകാരുടെ ബില്ലുകൾ മാറുന്നതിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബില്ലുകൾ മാറി കിട്ടാത്തതുമൂലമുള്ള പ്രതിസന്ധി ഉണ്ടായത്.
ഏറ്റവും കൂടുതൽ തിരക്കുള്ള പത്തനംതിട്ട-കടമ്മനിട്ട- അയിരൂർ റോഡിൽ 30 ശതമാനം പണികൾ മാത്രമാണ് തീർന്നത്. റിങ് റോഡിൽ മേലേവെട്ടിപ്രം മുതൽ കടമ്മനിട്ട വരെയുള്ള ഭാഗത്തെ ആദ്യഘട്ടം ടാറിങ് കഴിഞ്ഞു. ഓടയുടെ പണി പലയിടത്തും തീരാനുണ്ട്. കടമ്മനിട്ട ജംക്‌ഷനിൽ നിന്നു കണമുക്കിനേക്ക് ഉള്ള വഴിയിലും പണി ഇഴഞ്ഞു നീങ്ങുന്നു. നഗരത്തിൽ മുസ്‌ലിം പള്ളിപടി മുതൽ മേലേ വെട്ടിപ്രം ജംക്‌ഷൻ വരെയുള്ള ഭാഗത്താണ് കാര്യമായി പണികൾ നടക്കാത്തത്.
പ്രസ് ക്ലബ്ബിനു മുൻപിലൂടെയുള്ള റോഡാണിത്. കുറച്ചു ഭാഗത്ത് ഓട നിർമിച്ചു. മേലേവെട്ടിപ്രം ഭാഗത്ത് പലയിടത്തും ഓട പണിയാനുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇറക്കിയിട്ട് 6 മാസത്തിൽ കൂടുതലായി. പണി തുടങ്ങിയിട്ടില്ല. മുട്ടുകുടുക്ക- ഇല്ലത്ത്പടി, ഇലവുംതിട്ട- പ്രക്കാനം, മുട്ടുകുടുക്ക- പ്രക്കാനം എന്നീ റോഡുകളുടെയും ആദ്യത്തെ ബിഎം ടാറിങ് മാത്രമാണ് തീർന്നത്. രണ്ടാംഘട്ട ടാറിങ് തുടങ്ങിയിട്ടില്ല.