ശബരിമല ∙ വഴിപാട് ബുക്കിങ്ങിനു വ്യാജ രസീത് നൽകി 1.60 ലക്ഷം രൂപ തട്ടിച്ചതായി പരാതി. ചെന്നൈ തിരുവള്ളൂർ സ്വദേശി ഗോപിനാഥ് രുദ്രാംഗദനാണു പണം നഷ്ടമായത്. അടുത്ത തീർഥാടന കാലത്ത് നവംബർ 23ന് കളഭാഭിഷേകം,തങ്ക അങ്കി ചാർത്തിയ പൂജ എന്നിവയ്ക്ക് വ്യാജ രസീത് നൽകി പണം പിരിച്ചതായി സമൂഹമാധ്യമങ്ങളിൽ വന്നതോടെ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലാണു തട്ടിപ്പാണെന്നു കണ്ടെത്തിയത്.
വഴിപാടിനായി ഭക്തരിൽ നിന്നു മുൻകൂർ പണം വാങ്ങിയ ശേഷം നൽകിയത് ദേവസ്വം ബോർഡിന്റേത് എന്നു തോന്നുന്ന വ്യാജ രസീതാണെന്ന് കണ്ടെത്തി. സീലും ഒപ്പും വ്യാജമാണെന്നു ദേവസ്വം ബോർഡ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നു ദേവസ്വം ബോർഡ് പമ്പ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കോയമ്പത്തൂർ സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു.