ADVERTISEMENT

പത്തനംതിട്ട∙ അങ്കമാലി– എരുമേലി ശബരി പാത സംബന്ധിച്ചു ബദൽ അലൈൻമെന്റ് കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ അവ്യക്തത. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു  മറ്റൊരു അലൈൻമെന്റിന്റെ കാര്യം മന്ത്രി പറഞ്ഞത്. ഹൈക്കോടതിയിൽ റെയിൽവേ സമർപ്പിച്ച ശബരി പാതയുടെ അലൈൻമെന്റ് അന്തിമമാണെന്നിരിക്കെ മന്ത്രി പറയുന്നതു ചെങ്ങന്നൂർ–പമ്പ ആകാശപാതയുടെ സർവേയുടെ കാര്യമാകാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 

  ബദൽ അലൈൻമെന്റ് കൂടി പരിഗണിച്ച ശേഷം ശബരി പാതയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതിനു മുന്നോടിയായി കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണു റെയിൽവേ മന്ത്രി അറിയിച്ചതെന്നു കെ.വി.തോമസ് പറഞ്ഞു. ഏതു ബദൽ പദ്ധതിയാണെന്നു മന്ത്രി വ്യക്തമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.  ശബരി പദ്ധതിയും ചെങ്ങന്നൂർ–പമ്പ എലിവേറ്റഡ് പാതയും റെയിൽവേ മന്ത്രാലയത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന സൂചനയാണു മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. ചെങ്ങന്നൂർ–പമ്പ എലിവേറ്റഡ് പാത സർവേ ഘട്ടത്തിൽ മാത്രം എത്തി നിൽക്കുന്ന പദ്ധതിയാണ്. 1997ൽ പ്രഖ്യാപിച്ച ശബരി പദ്ധതിയിൽ 264 കോടി രൂപ റെയിൽവേ ഇതുവരെ ചെലവാക്കിയിട്ടുണ്ട്. 

7 കിലോമീറ്റർ പാത നിർമാണവും കഴിഞ്ഞു. ഇത്തവണ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്സംസ്ഥാന സർക്കാർ പകുതി ചെലവു വഹിക്കാമെന്നു കത്തു നൽകിയതും മലയോര ജില്ലകൾക്കു മുഴുവൻ പ്രയോജനം ചെയ്യുന്ന ശബരി പാതയ്ക്കാണെന്നിരിക്കെ റെയിൽവേ മന്ത്രാലയത്തിലെ ആശയക്കുഴപ്പം ശബരി പദ്ധതിയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ആക്‌ഷൻ കൗൺസിലുകൾ. കൂടുതൽ ജില്ലകൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന ശബരി പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യവും സർക്കാരിന്റെ മുന്നിലുണ്ട്. ഇതിന്റെ സാധ്യത പരിശോധിക്കാനും റെയിൽവേ മന്ത്രി നിർദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ എംപിമാർക്ക് കത്തുമായി ഫെഡറേഷൻ

പത്തനംതിട്ട∙അങ്കമാലി–എരുമേലി ശബരി പാത ആദ്യ ഘട്ടത്തിൽ തന്നെ എരുമേലിയിൽ നിന്നു റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്കു നീട്ടാൻ സഹായം തേടി ശബരി ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ തമിഴ്നാട്ടിലെ എംപിമാർക്കു കത്തു നൽകും. പാത പുനലൂരിൽ കൊല്ലം–ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്നതോടെ  തമിഴ്നാട്ടിൽ നിന്ന് എരുമേലിയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇതു മാറും. പദ്ധതി വേഗത്തിലാക്കാൻ തമിഴ്നാട് എംപിമാരുടെ സഹകരണം ഉറപ്പാക്കുകയാണു ഫെഡറേഷന്റെ ലക്ഷ്യം. എരുമേലിയിൽ നിന്ന് 75 കിലോമീറ്റർ പാത നിർമിച്ചാൽ പുനലൂരിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com