ADVERTISEMENT

ആറന്മുള (പത്തനംതിട്ട) ∙ കെട്ടിടാവശിഷ്ടങ്ങൾ പാഴാക്കേണ്ടതില്ല, അതുപയോഗിച്ച് പുതിയ വീടുകൾ നിർമിക്കാനായേക്കാം. അതിനായുള്ള ഗവേഷണത്തിന്റെ ഭാഗമായി ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലുളള ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ (ഐകെഎസ്) ലാബ് കെട്ടിടം പൂർണമായും കെട്ടിടാവശിഷ്ടങ്ങൾ കൊണ്ട് നിർമിച്ചു. അവശിഷ്‍ടങ്ങൾ 85 ശതമാനം വരെ പൊടിച്ചെടുത്ത ശേഷമാണ് നിർമാണം. ഗുരുകുലത്തിന് അരക്കിലോമീറ്റർ അകലെ പഴയ കെട്ടിടം പൊളിച്ച മാലിന്യമാണ് ഉപയോഗിച്ചത്.

കോൺക്രീറ്റ് മാലിന്യങ്ങളെ പ്രത്യേകം തിരിച്ച് പൊടിച്ച് പുതിയ കോൺക്രീറ്റ് നിർമിതിക്കായും ബാക്കിയുള്ളവ മൊത്തമായി പൊടിച്ച് അടിത്തറ, ഭിത്തി മുതലായവ നിർമിക്കാനും എടുത്തു. 7.5 എച്ച്പി മോട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പൊടിച്ചത്. ജൈവ മാലിന്യം കെട്ടിട മാലിന്യത്തിൽ നിന്ന് ഒഴിവാക്കുന്നതിന് മിനി സോയിൽ വാഷിങ് മെഷീനും രൂപകൽപന ചെയ്തിട്ടുണ്ട്. നവീന മിശ്രണ രീതിയിൽ കൂടി ഉപയോഗിക്കുന്നതിനാൽ കെട്ടിടത്തിന് ബലവും ഈടും ലഭിക്കുമെന്ന് വാസ്തു വിദ്യാ ഗുരുകുലം സീനിയർ സയന്റിസ്റ്റ് സുരേഷ് കൊല്ലേത്ത് പറഞ്ഞു.

ഐകെഎസ് ലാബിന്റെ വാതിൽ, ജനൽ ഒഴികെ എല്ലാം കെട്ടിട മാലിന്യത്തിൽ നിന്നാണ് നിർമിച്ചത്. 7 ശതമാനം സിമന്റും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ചുളള നിർമാണം, പരമ്പരാഗത നിർമാണ സാമഗ്രികളിൽപെട്ട അഷ്ടബന്ധം എന്നിവയുടെ ഗവേഷണത്തിനായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷണം സംബന്ധിച്ചും വാസ്തു വിദ്യാ ഗുരുകുലത്തിൽ കെട്ടിട മാലിന്യം ഉപയോഗിച്ചു നിർമിച്ച ലാബിനെപറ്റിയും സുരേഷ് കൊല്ലേത്ത് കഴിഞ്ഞ ഡിസംബറിൽ ശുചിത്വ മിഷൻ കോൺഫറൻസിൽ അവതരണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com