പെരുമ്പെട്ടി∙ കാടിറങ്ങിയ മയിലുകൾ കൗതുകത്തിനൊപ്പം ആശങ്കയുമേകുന്നു. വേനൽമഴ ശക്തമായിട്ടും മേഖലയിൽ മയിലുകളുടെ കടന്നുവരവു വർധിച്ചിരിക്കുന്നതാണ് ആശങ്കൾക്ക് വഴിവയ്ക്കുന്നത്. വരണ്ട വനപ്രദേശങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന മയിലുകൾ കൂട്ടമായാണ് ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ വിലസുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ദേവസ്വം പാടത്തിന് സമീപം മയിലുകൾ കൂട്ടമായെത്തി. വയലുകളിൽ മരച്ചീനി, കരിമ്പിൻ കൃഷിക്കൾക്കിടയിലൂടെ ഇവ പറന്നുയരുന്ന കാഴ്ചയായിരുന്നു.
ആളുകൾ കേട്ടറിഞ്ഞെത്തിയതോടെ പകുതിയിലധികവും പറന്നു നീങ്ങി. കൂട്ടത്തിലുണ്ടായിരുന്ന മയിലുകൾ ഇരുട്ടു വ്യാപിച്ചിട്ടും സമീപ പുരയിടങ്ങളിലെ വീടുകളുടെ പിന്നാമ്പുറങ്ങളിലും പറന്നിറങ്ങി.പല വീടുകളുടെ മുറ്റത്തും ഇടത്തിണ്ണയിലും പുരയിടങ്ങളിലുമായി ഏറെ നേരം മയിലുകൾ ചെലവഴിച്ചു. മയിലുകളുടെ കടന്നുവരവ് കൂടിയതോടെ കാർഷിക വിളകളെയും ഇവ നശിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. ഇതിനിടയിൽ 2 മയിലുകൾ ശ്രീഭദ്രത്തിൽ വി.കെ. സന്തോഷിന്റെ അടുക്കളത്തോടത്തിലെ പച്ചക്കറിക്കൃഷിയിൽ ചുറ്റിത്തിരിഞ്ഞ് നാശംവിതച്ചാണു പറന്നു നീങ്ങിയത്.
ഏറ്റവും കൂടുതൽ വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പക്ഷിയാണ് മയിൽ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവ നാട്ടിൻ പുറങ്ങളിൽ എത്താൻ കാരണം.നന്നായി മഴ ലഭിച്ചതിനാൽ ഇക്കുറി വേനൽ കഠിനമായില്ലെങ്കിലും മയിലിന്റെ ഇടക്കിടെയുള്ള കടന്നു വരവ് ഭാവിയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണന്നാണു കർഷകർ പറയുന്നത്. ചില പ്രദേശങ്ങളിൽ കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയിൽ കാടു കയറിയതോടെ ഇവിടങ്ങളിൽ മയിലുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് മേഖലയിൽ കാണപ്പെടുകയും ജനവാസ കേന്ദ്രങ്ങളിൽ നിന്നു അപ്രത്യക്ഷമാകുകയും ചെയ്തിരുന്ന കാട്ടുപ്രാവ്, എന്നിവയുടെ സാന്നിധ്യവും അടുത്ത കാലത്തായി ഈ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്നുണ്ട്.