പത്തനംതിട്ട∙ വനിതാ ഏക രക്ഷാകർത്താവിന് കുഞ്ഞിനെ ദത്തുനൽകി ജില്ലാ ശിശുസംരക്ഷണ വകുപ്പ്. കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഇതു സംബന്ധിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഏക രക്ഷിതാവിനും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്ന തരത്തിൽ ബാലനീതി നിയമങ്ങളിൽ മാറ്റംവരുത്തിയതാണു സഹായമായത്. മക്കളില്ലാത്ത ദമ്പതിമാർക്കു ദത്തെടുക്കൽ പ്രക്രിയയുടെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും പുതിയ ഭേദഗതി സഹായിച്ചിട്ടുണ്ട്.
പങ്കാളികൾ വേർപിരിഞ്ഞവർക്കും അവിവാഹിതർക്കും ഇപ്പോൾ നിയമം പ്രയോജനപ്പെടുത്താം. കഴിഞ്ഞ 6 മാസങ്ങളിൽ ജില്ലയിൽനിന്ന് 6 കുഞ്ഞുങ്ങളെ പുതിയ ജീവിതത്തിലേക്കു നയിച്ചു രക്ഷിതാക്കളുടെ കൈപിടിച്ചു നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നു കലക്ടർ പറഞ്ഞു. www.cara.nic.in എന്ന പോർട്ടലിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തു ജില്ലാ ദത്തെടുക്കൽ കേന്ദ്രത്തെയോ ശിശുസംരക്ഷണ യൂണിറ്റിനെയോ സമീപിക്കാം. കലക്ടറാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തിനുള്ള അന്തിമ ഉത്തരവ് നൽകുക.