സീതത്തോട്∙കാട്ടുപന്നികൾ കാരണം മൂഴിയാർ 40 ഏക്കറിലുള്ളവർ പൊറുതി മുട്ടി. കഴിഞ്ഞ ദിവസം ശബരിഗിരി പദ്ധതിയിലെ ഡ്രൈവർ അനീഷിന്റെ ക്വാർട്ടേഴ്സിനു പിന്നിലെ വാതിൽ തകർത്ത് അകത്ത് കടന്ന പന്നിക്കൂട്ടം റഫ്രിജറേറ്ററിനു കേടുപാടുകൾ വരുത്തി. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ എടുത്തു തിന്നു.ഈ സമയം കുടുംബാംഗങ്ങൾ ആരും സ്ഥലത്ത് ഇല്ലായിരുന്നു.
കഴിഞ്ഞ ശബരിമല തീർഥാടന കാലത്താണ് വനം വകുപ്പ് പമ്പയിൽ നിന്ന് പിടികൂടിയ പന്നികളെ മൂഴിയാറിൽ തുറന്ന് വിട്ടത്. 3 വലിയ പന്നികളും 3 കുട്ടികളും അടങ്ങിയ സംഘം ഇതിനോടകം നിരവധി ക്വാർട്ടേഴ്സുകളുടെ വാതിലുകൾ തകർത്ത് വ്യാപകമായ നാശം വരുത്തിയിരുന്നു.ഇവയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഒന്നിനെയും പിടികൂടാനായില്ല.