ADVERTISEMENT

റാന്നി ∙ അവധിക്കു ശേഷം ഇന്ന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ കടുവ ഭീഷണി നേരിടുന്ന മേഖലകളിൽ നിന്ന് കുട്ടികളെ എങ്ങനെ സ്കൂളുകളിലേക്കു വിടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. കടുവയുടെ സാന്നിധ്യം പലയിടങ്ങളിൽ പ്രകടമാകുന്നതും ആശങ്ക വർധിപ്പിക്കുന്നു.

ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ട് 53 ദിവസമായി. പെരുനാട് കാർമൽ എൻജിനീയറിങ് കോളജിനു സമീപം കുളത്തുംനിരവ് ഭാഗത്താണ് ആദ്യം കടുവയെ കാണുന്നത്. പിന്നീട് ബഥനി പുതുവൽ, കോളാമല, ഒളികല്ല്, കുമ്പളത്താമൺ മണപ്പാട്ട്, വടശേരിക്കര ചമ്പോൺ എന്നീ ഭാഗങ്ങളിലെല്ലാം കടുവയുടെ സാന്നിധ്യമുണ്ടായി. 3 പശുക്കളെയും 3 ആടുകളെയും കടുവ കൊന്നു. ബഥനി പുതുവൽ, ഒളികല്ല്, മണപ്പാട്ട് ഭാഗം എന്നിവിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവയെ കുടുക്കാനായിട്ടില്ല. ഇതാണ് ജനത്തെ ഭീതിയിലാഴ്ത്തുന്നത്.

കോളാമല, ബഥനി, ഒളികല്ല് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ പുറംനാടുകളിലെത്തിയാണ് പഠിക്കുന്നത്. പെരുനാട്, വടശേരിക്കര, റാന്നി, കുമ്പളാംപൊയ്ക എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് കൂടുതൽ പേരും പഠിക്കുന്നത്. സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്നവർ‌ ചുരുക്കമാണ്. നടന്നു പോകുന്നവരാണ് അധികവും. അവർ എങ്ങനെ സുരക്ഷിതരായി നടക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.

കാടു മൂടിയ റബർ തോട്ടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയാണ് നടക്കേണ്ടത്. ഒളികല്ല് റോഡിൽ കടുവയ്ക്കു പുറമേ കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യവും തുടരെയുണ്ട്. കൂട്ടത്തോടെയെത്തുന്ന കാട്ടുപോത്തുകൾ നടുറോഡിലാണ് വിലസുന്നത്. പിന്നീട് വാഹന യാത്രയും തടസ്സപ്പെടുന്നു. 

അവയ്ക്കിടയിലൂടെ എങ്ങനെ കുട്ടികൾ യാത്ര ചെയ്യുമെന്നാണ് ചോദ്യം. ഒരു ദിവസത്തെ യാത്രയല്ലിത്. ഇന്നു മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും വിദ്യാലയങ്ങളിലെത്തണം. അതിനുള്ള സുരക്ഷയാണ് വേണ്ടത്. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇടപെട്ട് ഇതിനു പരിഹാരം കാണുകയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com