കവചമായി ഈറ്റക്കാടുകൾ; ഒഴിവായത് വൻദുരന്തം: ബസിലുണ്ടായിരുന്നത് 6 കുട്ടികളും ജീവനക്കാരും

Mail This Article
റാന്നി ∙ ഈറ്റക്കാടുകൾ കവചമായി നിന്നതിനാൽ ആറ്റിലേക്കു മറിഞ്ഞ് ദുരന്തമാകാവുന്ന സ്കൂൾ ബസ് അപകടം 2 പേരുടെ പരുക്കിലൊതുങ്ങി. അവധിക്കു ശേഷം വിദ്യാലയങ്ങൾ തുറന്ന ഇന്നലെ ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിന്റെ മിനി ബസാണ് അപകടത്തിൽപെട്ടത്.
പമ്പാനദി തീരദേശ റോഡിന്റെ ഭാഗമായ ഐത്തല പാലം– പരവേലിൽപടിയിൽ ചൊവ്വൂർ കടവിനു സമീപമാണ് ഇന്നലെ രാവിലെ 8.45ന് ബസ് അപകടത്തിൽപെട്ടത്. ചൊവ്വൂർകടവ് കഴിഞ്ഞുള്ള ചെറിയ കയറ്റം കയറുന്നതിനിടെ റോഡിലേക്കു തള്ളി നിൽക്കുന്ന കല്ലിൽ ചക്രമിടിച്ച് നിയന്ത്രണം വിട്ട ബസ് വലതു ഭാഗത്തെ കുഴിയിലേക്കു മറിയുകയായിരുന്നു.
പമ്പാനദിയുടെ തീരത്തേക്കാണ് ബസ് വീണത്. ഒരു കരണം കൂടി ബസ് മറിഞ്ഞിരുന്നെങ്കിൽ ആറ്റിൽ വീഴുമായിരുന്നു. ഈറ്റക്കാട്ടിലും പാറയിലും ഉടക്കി കിടക്കുകയായിരുന്നു.
6 കുട്ടികളും ഡ്രൈവറും കുട്ടികളെ സഹായിക്കുന്ന ജീവനക്കാരിയുമാണ് ബസിലുണ്ടായിരുന്നത്. ഓടിക്കൂടിയ സമീപവാസികളാണ് അവരെ ബസിൽ നിന്നിറക്കിയത്. ചെറുകുളഞ്ഞി കൊട്ടൂപ്പള്ളിൽ കെ.പി.ആർ.ബിജുവിന്റെ മകൻ എട്ടാം ക്ലാസ് വിദ്യാർഥി ആദിത്യൻ ബിജു (13), ജീവനക്കാരി ചെറുകുളഞ്ഞി വിമൽ വിലാസം രമ്യ വിനോദ് (34) എന്നിവർക്കാണ് പരുക്കേറ്റത്. ആദിത്യൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രമ്യ റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പ്രമോദ് നാരായൺ എംഎൽഎ സ്ഥലം സന്ദർശിച്ചു.