കോന്നി ∙ പെട്രോൾ പമ്പിൽ നിന്നു സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് കൊച്ചുവായനശാല മുക്ക് കോട്ടൂർ വടക്കേതിൽ വീട് വിഷ്ണു കുമാറിനെയാണ് (കൊച്ചു വിഷ്ണു -28) അറസ്റ്റ് ചെയ്തത്. പമ്പിൽ ജോലി ചെയ്യുന്ന മഠത്തിൽകാവ് സ്വദേശി ആദർശിന്റെ സ്കൂട്ടറാണു ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ മോഷണം പോയത്.
ജോലിക്കാർ ഉറക്കത്തിലായിരുന്നു. താക്കോൽ ഊരിയെടുക്കാതെയാണ് സ്കൂട്ടർ വച്ചിരുന്നത്. മോഷ്ടാവ് തള്ളിക്കൊണ്ടുപോയി സ്റ്റാർട്ടാക്കി ഓടിച്ചുപോകുകയായിരുന്നു. മുക്കാൽ മണിക്കൂറിനു ശേഷം ആദർശ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണം നടക്കവേ കഴിഞ്ഞ ദിവസം സെൻട്രൽ ജംക്‌ഷനിൽ വച്ച് വിഷ്ണു കുമാർ സ്കൂട്ടറിൽ നിന്ന് വീണിരുന്നു.
മദ്യപിച്ചിരുന്നതിനാൽ പൊലീസിനെ കണ്ട് ഓടിപ്പോയി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഹരിപ്പാടുള്ള വാഹനമാണെന്നും മോഷണം പോയതാണെന്നും തിരിച്ചറിഞ്ഞത്. അടുത്ത ദിവസമാണ് പമ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും മനസ്സിലാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ ചൈനാമുക്കിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് ഇൻസ്പെക്ടർ സി.ദേവരാജന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.