ADVERTISEMENT

കൊക്കാത്തോട് ∙ കാഞ്ഞിരപ്പാറയിൽ പടക്കം കടിച്ചു തീറ്റയെടുക്കാനാകാതെ കാട്ടാന ചെരിഞ്ഞു. ഏതാനും ദിവസമായി കാഞ്ഞിരപ്പാറയിൽ ജനവാസ മേഖലയോട് ചേർന്നു വനത്തിലും കുടപ്പാറ തോടിന്റെ പരിസരത്തുമായി അവശനിലയിൽ കൊമ്പനാനയെ കണ്ടിരുന്നു. പടക്കം കടിച്ചു ആനയുടെ വായിലും നാക്കിലും മുറിവേൽക്കുകയും കീഴ്ത്താടിയെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ശ്യാം ചന്ദ്രൻ പറഞ്ഞു.

ഇന്നലെ രാവിലെ വനത്തിനുള്ളിൽ കുടപ്പാറ തോട്ടിലാണു ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയ്ക്ക് ഏകദേശം 10 വയസ്സുണ്ട്.പടക്കം കടിച്ചതു മൂലമുള്ള പരുക്കുകൾ മൂലം തീറ്റയെടുക്കാനാകാതെയാണ് ആന അവശനിലയിലായതെന്നാണ് കരുതുന്നത്. പന്നിയെ കുടുക്കാനായി വച്ച പടക്കം ആന കടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ ദഹിപ്പിച്ചു. ഇന്നലെ രാവിലെ പ്രദേശവാസികളായ സ്ത്രീകളാണ് ആനയുടെ ജഡം ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

വ്യാഴാഴ്ച രാവിലെ പരിസരത്തെ റബർതോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന സ്ത്രീകൾ ഈ ആനയെ കണ്ടിരുന്നു. പിന്നീട് കാട്ടിലേക്കു പോയ ആന വൈകിട്ടോടെ തിരികെയെത്തി തോടിനു സമീപം നിലയുറപ്പിക്കുകയായിരുന്നു. അവശനിലയിലായിരുന്നെങ്കിലും ജനവാസമേഖലയിലേക്ക് ആന എത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ടായിരുന്നു. നടുവത്തുമൂഴി റേഞ്ചിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം.

കാഞ്ഞിരപ്പാറ എസ്‌സി കോളനി ഭാഗത്തു നിന്ന് ഏകദേശം ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ നിന്നാണ് ആന എത്തിയത്. മുൻപ് പലപ്പോഴും പറമ്പിലും റബർതോട്ടത്തിലും എത്തിയിരുന്ന ആന കൃഷികൾ നശിപ്പിക്കുകയും തോട്ടത്തിനുള്ളിലെ തെങ്ങുകൾ തകർക്കുകയും ചെയ്തിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com