റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നിർദേശം
Mail This Article
റാന്നി ∙ ഗതാഗത തടസ്സമായും അപകടക്കെണിയായും റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് താലൂക്ക് വികസനസമിതി യോഗം ബന്ധപ്പെട്ട പഞ്ചായത്തുകൾക്കു നിർദേശം നൽകി. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷൻ, പെരുമ്പുഴ ജംക്‌ഷൻ, താലൂക്ക് ആശുപത്രിക്കു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിനു മുൻവശം എന്നിവിടങ്ങളിലെ വഴിവാണിഭക്കാരെ പൂർണമായി ഒഴിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥിരമായി യോഗത്തിൽ പങ്കെടുക്കാത്തത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു. കക്കാട്ടാറ്റിലെ കണ്ടംകുളം ഭാഗത്ത് അടിഞ്ഞിരിക്കുന്ന ചെളിനീക്കാൻ കരാറായിട്ടുണ്ട്. അവ നിക്ഷേപിക്കുന്നതിന് പെരുനാട് പഞ്ചായത്ത് യാഡ് കണ്ടെത്തി നൽകിയാൽ ഉടനെ അവ വാരിത്തുടങ്ങുമെന്ന് വൻകിട ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.
റാന്നി ബ്ലോക്കുപടിയിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിന്റെ കത്തു ലഭിച്ചതായും അടുത്ത ആർടിഎ ബോർഡ് യോഗത്തിൽ പരിഗണിക്കുന്നതിനായി കത്തു കൈമാറുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ ലഭിച്ചാലുടൻ പെരുമ്പുഴ സ്റ്റാൻഡിൽ കയറാത്ത എല്ലാ ബസുകളുടെയും പേരിൽ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വഴിവിളക്കുകൾക്കുള്ള വൈദ്യുതി നിരക്ക് 10 വർഷമായിട്ടും കരാർ ഏജൻസി അടച്ചിട്ടില്ലാത്തതിനാൽ റാന്നി വലിയപാലത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് യോഗത്തിൽ അറിയിച്ചു. ഏജൻസി നീക്കിയില്ലെങ്കിൽ പഞ്ചായത്തിന്റെ ചെലവിൽ മാറ്റിയ ശേഷം തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പുതമൺ താൽക്കാലിക പാലത്തിന്റെ നിർമാണത്തിൽ നേരിടുന്ന തടസ്സത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. റാന്നിയിൽ നിന്ന് പുതമൺ വരെയും പുതമൺ പാലത്തിന്റെ മറുകര നിന്ന് കോഴഞ്ചേരി വരെയും കെഎസ്ആർടിസി ബസ് സർവീസുകൾ നടത്തണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിയുടെ പമ്പാനദിയിലെ തടയണയിൽ നിന്നു വാരുന്ന ചെളിയും മണലും ആറ്റിലേക്കൊഴുകി പോകുന്നത് വിമർശനത്തിനിടയാക്കിയത്. സമിതി അംഗം പി.ആർ.പ്രസാദാണ് വിഷയം സമിതി യോഗത്തിൽ ഉന്നയിച്ചത്.
ആറ്റിലേക്ക് വീഴുന്ന മണലും ചെളിയും ഒഴുകി വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു സമീപത്താണ് എത്തുന്നത്. കിണറ്റിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പിലൂടെ ചെളിയും മണലും ഉള്ളിലെത്തും. 5 മാസം മുൻപ് കിണറ്റിലെ ചെളി വാരിയതാണ്. വീണ്ടും വാരേണ്ട സാഹചര്യമുണ്ടാകുമെന്ന് സമിതിയംഗം ബിനു തെള്ളിയിൽ ചൂണ്ടിക്കാട്ടി. തടയണയിൽ നിന്നു ചെളി വാരുന്ന കരാറുകാരൻ തന്നെയാണോ കിണറും വൃത്തിയാക്കുന്നതെന്ന് അന്വേഷിക്കണം. സ്ഥിരം പണി കിട്ടാൻ വേണ്ടി ആറ്റിലേക്കൊഴുക്കുകയാണോയെന്ന് സംശയിക്കണമെന്ന് ബിനു ചൂണ്ടിക്കാട്ടി. പ്രശ്നം കക്കാട് ജനറേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.പ്രകാശ്, കെ.ആർ.സന്തോഷ്, സമിതിയംഗങ്ങളായ പി.ആർ.പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, റെജി കൈതവന, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, കെ.ആർ.ഗോപാലകൃഷ്ണൻ നായർ, ബിനു തെള്ളിയിൽ, സജി ഇടിക്കുള, തഹസിൽദാർ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി
പഴവങ്ങാടി, അത്തിക്കയം, പെരുനാട് എന്നീ വില്ലേജ് ഓഫിസുകളിൽനിന്ന് ആദിവാസികൾക്കു യഥാസമയം ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. 2020ൽ ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയിട്ടും ഇതേ സമീപനമെന്നാണ് ആക്ഷേപം.
ആദിവാസികളെന്ന് ഉറപ്പാക്കാൻ പട്ടികവർഗ ക്ഷേമ ഓഫിസിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കാനാകും. എന്നാൽ ഇതിനും ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ തയാറാകുന്നില്ല. ചികിത്സാ സഹായത്തിന് ഹാജരാക്കാൻ 78ഉം 80ഉം വയസ്സുള്ളവർ ജാതി സർട്ടിഫിക്കറ്റിനെത്തുമ്പോൾ സ്കൂളിലെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കുകയാണ്. വില്ലേജ് ഓഫിസുകളിൽ ബന്ധപ്പെട്ട് ഇതിനു പരിഹാരം കാണുമെന്ന് തഹസിൽദാർ അറിയിച്ചു.