സ്വപ്നം കാൽതൊട്ടു; എവറസ്റ്റ് ബേസ് ക്യാംപ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു സോനു സോമൻ

Mail This Article
ട്രെക്കിങ്ങിനു പോകാൻ അവധി ലഭിക്കാത്ത ജോലിയോടു ബൈ ബൈ പറഞ്ഞാണു സോനു സോമൻ എവറസ്റ്റ് ബേസ് ക്യാംപിൽ കാൽവച്ചത്. അടൂരിലെ വീട്ടിൽനിന്ന് എവറസ്റ്റിന്റെ മുന്നിലേക്കുള്ള യാത്ര സോനുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അതിനായുള്ള ഒരുക്കത്തിലായിരുന്നു സോനു. അടൂർ പന്നിവിഴ ശ്രീകാർത്തികയിൽ സോനു, സാഹസികതയുടെ കൂട്ടുകാരിയാണ്. എവറസ്റ്റ് ബേസ് ക്യാംപ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു തിരികെയെത്തിയതിന്റെ സന്തോഷത്തിലാണു സോനു. കഴിഞ്ഞ മാസം അഞ്ചിനാണ് അടൂരിൽനിന്ന് എവറസ്റ്റ് ബേസ് ക്യാംപിലേക്കു സോനു യാത്ര തിരിച്ചത്.
ഡൽഹി വഴി കാഠ്മണ്ഡുവിൽ എത്തിയ ശേഷം അവിടെ നിന്നാണ് ട്രക്കിങ് തുടങ്ങുന്ന ലുക്‌ലയിലേക്കു പോയത്. ഇവിടെനിന്ന് എട്ടു ദിവസമെടുത്താണു ബേസ് ക്യാപ് കീഴടക്കിയത്. നാലു ദിവസം കൊണ്ടു തിരിച്ചിറങ്ങി. ട്രക്കിങ് തുടങ്ങി രണ്ടാം ദിവസം ഭയാനകമായി തോന്നിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടു നീങ്ങി. ബേസ് ക്യാംപിന് അടുത്തെത്താറായപ്പോൾ ഓക്സിജൻ അളവു കുറഞ്ഞത് അൽപം ബുദ്ധിമുട്ടായെങ്കിലും അതും തരണം ചെയ്തു ക്യാംപിലെത്തുകയായിരുന്നെന്നു സോനു പറഞ്ഞു.
21 പേരടങ്ങിയ ടീമിൽ കേരളത്തിൽനിന്നു സോനു മാത്രമാണ് ഉണ്ടായിരുന്നത്. സോനു ട്രക്കിങ് തുടങ്ങിയിട്ടു നാലു വർഷമായി. കഴിഞ്ഞ എട്ടു മാസമായി ട്രെക്കിങ്ങിനു വേണ്ടി മാത്രം സമയം നീക്കിവച്ചു. അവധി കിട്ടാത്തതിനെത്തുടർന്നാണു ബെംഗളൂരുവിലെ ഓൺലൈൻ കമ്പനിയിലെ ജോലി മതിയാക്കി എവറസ്റ്റ് ബേസ് ക്യാംപ് ലക്ഷ്യമിട്ടു യാത്ര തിരിച്ചത്.
ജോലി ചെയ്തിരുന്നപ്പോൾ ബെംഗളൂരുവിലെ കാടുകളും മലകളും സോനു നടന്നു കണ്ടു. തിരുവനന്തപുരത്തെ അഗസ്ത്യാർകുടം, ബ്രഹ്മഗിരി എന്നിവിടങ്ങളിലും ട്രെക്കിങ് നടത്തിയിട്ടുണ്ട്. വർഷങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്ര. അതിനായി നടത്തം വ്യായാമം, യോഗ, ജിമ്മിലെ പരിശീലനം എന്നിവ സ്ഥിരമാക്കി. അച്ഛൻ എസ്. സോമൻ, അമ്മ രേഖ, സഹോദരൻ അതുൽ സോമൻ എന്നിവരുടെ പിന്തുണയും സ്വപ്നം നിറവേറ്റാൻ സഹായിച്ചതായി സോനു പറഞ്ഞു. ഇനി അടുത്ത യാത്ര കൈലാസത്തിലേക്കാണ്. എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി തിരിച്ചെത്തിയ സോനുവിന് അഭിനന്ദനങ്ങൾ അറിയിച്ചു ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീട്ടിലെത്തി.