തിരുവല്ല ∙ അതിഭീകരമായ അവസ്ഥയിൽ മാലിന്യം നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ട് നഗരത്തിലെ ഓടകൾ. അഗ്നിരക്ഷാ സേന എത്തിയിട്ടും രക്ഷയില്ല.മല്ലപ്പള്ളി റോഡിലെ ദീപ ജംക്‌ഷനിലെ കലുങ്കിന്റെ ഇരുവശത്തുനിന്നും 5000 ലീറ്റർ വെള്ളമാണ് അഗ്നിരക്ഷാ സേന ഇന്നലെ ശക്തിയായി പമ്പ് ചെയ്തത്. എന്നിട്ടും കലുങ്കിനടിയിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ ചെറിയൊരംശം പോലും പുറത്തു പോയില്ല.ദീപ ജംക്‌ഷൻ മുതൽ ചിലങ്ക ജംക്‌ഷൻ വരെ റോഡുവശത്തെ ഓട നിറഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. റോഡിനടിയിൽ കലുങ്കും എതിർവശത്തെ സ്റ്റുഡിയോയുടെ സമീപത്തുകൂടി രാമൻചിറ ഭാഗത്തേക്ക് ഓടയും ഉണ്ട്.
ഓട വൃത്തിയാക്കി നോക്കിയെങ്കിലും വെള്ളം ഒഴുകി പോകാതായി. ഇതോടെയാണ് റോഡിനടിയിലെ കലുങ്കിലാണ് തടസ്സമെന്നു കണ്ടെത്തിയത്. മാലിന്യം തിങ്ങി നിറഞ്ഞു കിടക്കുന്നതിനാൽ കലുങ്കിനകത്തു ആളെ കയറ്റി വൃത്തിയാക്കുന്നത് അപകടമായേക്കുമെന്നു കണ്ടാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. ആദ്യം കലുങ്കിന്റെ വലതുഭാഗത്തുകൂടി വെള്ളം ശക്തിയായി അടിച്ചുനോക്കി. പ്രയോജനമുണ്ടായില്ല. പിന്നീട് എതിർഭാഗത്തു കൂടിയും വെള്ളം പമ്പു ചെയ്തു. വെള്ളം പാഴായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല.
കലുങ്കിന്റെ വെള്ളം ഒഴുകേണ്ട ഭാഗത്തുകൂടി ജല അതോറിറ്റിയുടെ വലിയ പൈപ്പുകൾ, ബിഎസ്എൻഎൽ കേബിളുകൾ എന്നിവ പോകുന്നുണ്ട്. കലുങ്കിനടിയിലെ ഈ ഭാഗത്ത് വലിയ ചാക്കുകെട്ടുകൾ ഉൾപ്പെടെ ഓടയിലൂടെ ഒഴുക്കിവിട്ടത് തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതോടെയാണ് വെള്ളം ഒഴുകാതെ റോഡുവശത്തെ ഓടയിൽ കെട്ടികിടക്കുന്നത്.
നഗരസഭ, പൊതുമരാമത്ത്, ജല അതോറിറ്റി, ബിഎസ്എൻഎൽ, പൊലീസ്, അഗ്നിരക്ഷാ സേന എന്നീ വകുപ്പുകളുടെ ഏകോപനത്തിലാണ് ഇന്നലെ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി കലുങ്ക് ശുചിയാക്കാനുള്ള ശ്രമം നടത്തിയത്. ഇനി റോഡു പൊളിച്ച് കലുങ്ക് വൃത്തിയാക്കുകയാണ് മാർഗം.