വനാതിർത്തിയിൽ സ്ഫോടകവസ്തു ശേഖരമെന്ന് സംശയം; പരിശോധന
Mail This Article
തണ്ണിത്തോട് ∙ വനാതിർത്തികളിലെ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിനായി ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഒരാഴ്ച മുൻപാണു പൂച്ചക്കുളം വനത്തിൽ പന്നിപ്പടക്കം വച്ചു മ്ലാവിനെ വേട്ടയാടിയതിനു 2 പേരെ പിടികൂടിയത്. അവശേഷിച്ച പന്നിപ്പടക്കം ഉൾപ്പെടെ അന്നു കണ്ടെത്തിയിരുന്നു.വനാതിർത്തികൾ കേന്ദ്രീകരിച്ചു കൂടുതൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണു റാന്നി, കോന്നി ഡിവിഷനുകളിലെ വനാതിർത്തികളിൽ പരിശോധന നടത്തിയത്.
വനാതിർത്തികൾ കേന്ദ്രീകരിച്ചു പന്നിപ്പടക്കവും മറ്റു സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു വന്യജീവികളെ അപായപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെ പല ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണു സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ‘സ്നിഫേഴ്സ് പെരിയാർ’ എന്ന ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ താഴെ പൂച്ചക്കുളം, മേലേ പൂച്ചക്കുളം, ഏഴാംതല തുടങ്ങിയ ഭാഗങ്ങളിൽ വിശദമായി പരിശോധിച്ചത്. , പെരിയാർ ടൈഗർ റിസർവിലെ തേക്കടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ക്വാഡ് ആണിത്.
പരിശോധനയിൽ നിർണായക സൂചന ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. കൊക്കാത്തോട് കാഞ്ഞിരപ്പാറ ഭാഗത്തു കാട്ടാന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോന്നി ഡിവിഷനിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തികളിൽ പൊലീസിന്റെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു
റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറി, പുനലൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എം.അജീഷ്, വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷ്, റാന്നി ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സജീവ്, ഡപ്യൂട്ടി റേഞ്ച് ഓഫ്സർ എസ്.റെജികുമാർ, ചിറ്റാർ, ഗുരുനാഥൻമണ്ണ്, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.