പത്തനംതിട്ട∙ ആഴ്ചയിലൊരിക്കലെങ്കിലും ആരെങ്കിലും കുടുങ്ങിയില്ലെങ്കിൽ തിരുവല്ല റവന്യുടവറിലെ ലിഫ്റ്റിന് ഒരു രസമില്ല.....ഏറെ തിരക്കുള്ള അടൂർ റവന്യു ടവറിലാകട്ടെ, ലിഫ്റ്റ് സ്ഥിരമായി പണിമുടക്കാണ്. പഴക്കം ചെന്ന ലിഫ്റ്റ് തകരാറിലാകുന്നതും ലിഫ്റ്റിൽ കുടുങ്ങുന്നവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി പുറത്തെത്തിക്കുന്നതും ഇവിടെ പുതുമയല്ല. ജില്ലയിലെ പ്രധാന സർക്കാർ ഓഫിസ് സമുച്ചയങ്ങളിലെ ലിഫ്റ്റുകളിൽ സുരക്ഷിതത്വം എത്രമാത്രമുണ്ട്? ഒരു പരിശോധന
തിരുവല്ലയിൽ നാലുവർഷമായി പണിമുടക്കി ലിഫ്റ്റ്
ആറു നിലയുള്ള റവന്യൂ ടവറിലെ ലിഫ്റ്റുകൾ മൂന്നും പ്രവർത്തിക്കുന്നില്ല. പ്രവർത്തിപ്പിച്ച് അകത്തു കയറിയാലും മുകളിലെ നിലയിലെത്തുമെന്ന് ഉറപ്പുമില്ല. രക്ഷപ്പെടുത്താൻ അഗ്നിരക്ഷാ സേനയെത്തുന്നതാണ് ഇവിടെ പതിവ്. ഒരു ലിഫ്റ്റ് 4 വർഷമായി പ്രവർത്തിക്കുന്നില്ല. മറ്റു രണ്ടെണ്ണം മാസങ്ങളായി തകരാറിലാണ്. ഇതിൽ ഒരെണ്ണം അടച്ചിട്ടിരിക്കുകയാണ്. അടുത്തത് ഇടയ്ക്കൊക്കെ പ്രവർത്തിക്കും. ഉടനെ തകരാറിലാകും. 2 മാസത്തിനിടയിൽ 4 തവണയാണ് ലിഫ്റ്റ് തകരാറിലായത്.
നേരത്തേ ലിഫ്റ്റിന് ഓപ്പറേറ്റർ ഉണ്ടായിരുന്നു. ടവറിന്റെ ഉടമസ്ഥരായ ഹൗസിങ് ബോർഡ് നഷ്ടത്തിലാണെന്ന കാരണത്താൽ ലിഫ്റ്റ് ഓപ്പറേറ്ററെ പിൻവലിച്ചു. ഒരു ഇലക്ട്രീഷൻ മാത്രമായി പിന്നീട്. പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെങ്കിൽ 30 ലക്ഷം രൂപയോളം വേണ്ടിവരും. അതിനുള്ള സാമ്പത്തികം ഇല്ലെന്ന നിലപാടിലണ് ബോർഡ്.
നേരത്തേ നൂറോളം വരുന്ന വാടകക്കാരിൽ നിന്നു മാസം തോറും പിരിക്കുന്ന കോമൺ യൂസർ ഫണ്ട് അത്യാവശ്യം അറ്റകുറ്റപണിക്കായി എടുക്കാമായിരുന്നു. എന്നാൽ ഈ ഫണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപയുൾപ്പെടെ ഹെഡ് ഓഫിസ് അക്കൗണ്ടിലേക്കു ഒരു വർഷം മുൻപ് മാറ്റിയതോടെ ഇവിടെ ഒന്നിനും പണമില്ലാതായി.
അടൂരിൽ ലിഫ്റ്റ് ‘ലീവിലായിട്ട്’ വർഷങ്ങൾ
ആകെയുള്ള 4 ലിഫ്റ്റുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് ഒന്ന്. ബാക്കി 3 എണ്ണത്തിൽ 2 വർഷങ്ങളായി കേടാണ്. ടവറിന്റെ കിഴക്കു ഭാഗത്തുള്ള ഒരു ലിഫ്റ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് കേടായത്. ഇതിന്റെ തകരാറ് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഹൗസിങ് ബോർഡ് അധികൃതർ പറഞ്ഞു.
പടിഞ്ഞാറ് വശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലിഫ്റ്റിനോട് ചേർന്നുള്ള കേടായ ലിഫ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ നടന്നു വരികയാണ്. ഇതിന്റെ ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു. ഇവിടെയുള്ള 4 ലിഫ്റ്റുകൾക്കും 20 വർഷത്തോളം പഴക്കമുണ്ട്.
അടൂർ താലൂക്ക് ഓഫിസ്, റീസർവേ ഓഫിസ്, ചരക്കുസേവന നികുതി വകുപ്പ് ഓഫിസ്, ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസ് തുടങ്ങിയ ഓഫിസുകൾ പ്രവർത്തിക്കുന്ന ഭാഗത്തുള്ള ലിഫ്റ്റുകൾ കേടാണ്. ഇവിടങ്ങളിലേക്കുള്ളവർ പടിക്കെട്ടുകൾ താണ്ടണം. പ്രായമുള്ള ആൾക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പടിക്കെട്ടുകൾ കടന്നു പോകാൻ പ്രയാസമുള്ളവർ ലിഫ്റ്റില്ലാത്തതിനാൽ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് പോകാൻ കഴിയാതെ തിരിച്ചു പോവുകയും ചെയ്യുന്നു. റവന്യു ടവറിലെ ലിഫ്റ്റുകൾ അടിക്കടി കേടാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഹൗസിങ് ബോർഡ് അധികൃതർ അടിയന്തര ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് പ്രധാന പരാതി.
കോന്നിയിൽ ‘രണ്ടിലൊന്ന്’
കോന്നി മിനി സിവിൽ സ്റ്റേഷനിൽ രണ്ട് ലിഫ്റ്റാണുള്ളത്. ഒന്ന് സ്ഥിരമായി തകരാറിലാണ്. ഒന്ന് പ്രവർത്തിക്കുന്നുണ്ട്. മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനാണ് അറ്റകുറ്റപ്പണി ചുമതല. ഒരാഴ്ചയായി പണികൾ നടക്കുന്നുണ്ടെങ്കിലും ഇനിയും ലിഫ്റ്റ് നന്നാക്കിയിട്ടില്ല. എന്താണ് തകരാറെന്ന് കണ്ടുപിടിക്കാൻ കഴിയാത്തതാണു പ്രശ്നം. താലൂക്ക് ഓഫിസ്, സബ് ട്രഷറി, വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, ജല അതോറിറ്റി ഓഫിസ്, ഭക്ഷ്യസുരക്ഷ ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്നത് മിനി സിവിൽ സ്റ്റേഷനിലാണ്.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ അൽപം പിശകാണ്
കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ ലിഫ്റ്റുകൾ നിലവിൽ പ്രവർത്തനക്ഷമമാണ്. ഇതിൽ കലക്ടറേറ്റിലെ ലിഫ്റ്റിൽ ആളുകളെ കുടുക്കുന്ന പതിവില്ലെങ്കിലും മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് ഇടയ്ക്കിടെ പണിമുടക്കാറുണ്ട്. ഏറെ നാളുകൾക്കു ശേഷം ഈയിടെയാണു മിനി സിവിൽ സ്റ്റേഷനിലെ രണ്ടാമത്തെ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്.
ഒട്ടേറെ ഓഫിസുകളും കോടതിയും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലെ ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് ചെയ്യാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. അവസാനം ലിഫ്റ്റിൽ കുടുങ്ങിയ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരിയെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് പുറത്തിറക്കിയത്.
അധികം കുഴപ്പമില്ലാതെ ആറന്മുള മിനി സിവിൽ സ്റ്റേഷൻ
നിലവിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്, പക്ഷേ ലിഫ്റ്റ് തകരാറിനെ കുറിച്ചുള്ള നിരന്തര പരാതിയാണ് ഇവിടെ ഉള്ളത്. പരാതി വ്യാപകമായി ഉയരുമ്പോൾ തകരാർ പരിഹരിക്കാനുള്ള നടപടി എടുക്കും. അധികം വൈകാതെ വീണ്ടും തകരാർ സംഭവിക്കും. അംഗപരിമിതർക്കുള്ള റാംപ് സംവിധാനവും ഇവിടെയില്ല. ഏറെ പേർ എത്തുന്ന സബ് റജിസ്ട്രാർ ഓഫിസ് ആദ്യ നിലയിലാണ്. ശിശു ക്ഷേമ സമിതി ഓഫിസും മുകൾനിലയിലാണ്.
എസ്കലേറ്ററുണ്ട്, കയറാം ഇറങ്ങാൻ വേറെ വഴിനോക്കണം....

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പോകാൻ വേണ്ടി 3 കോടി രൂപ മുടക്കി എസ്കലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുകളിലേക്കു പോകാൻ മാത്രമേ കഴിയുകയുള്ളു. താഴേക്കു പടികൾ ഇറങ്ങിയെത്തണം. അതും ഏതെങ്കിലും റെയിൽവേ ഉദ്യോഗസ്ഥർ പ്രവർത്തിപ്പിച്ചാൽ മാത്രമേ ഉപയോഗിക്കാനും കഴിയൂ.