കോഴഞ്ചേരി ∙ കോഴഞ്ചേരി സമാന്തര പാലം നിർമാണം പുനരാരംഭിക്കുന്നതിനായി റീ–ടെൻഡർ നടപടികളിലേക്കു കടന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികളും ഭൂരിഭാഗവും പൂർത്തിയായി. സ്ഥലം വിട്ടുനൽകിയവർക്ക് പണം ബാങ്ക് അക്കൗണ്ടിലേക്കു കൈമാറി. പോസ്റ്റ് ഓഫിസിന്റെ 4 സെന്റ് സ്ഥലമാണ് അടുത്തതായി വേണ്ടത്. പകരം സ്ഥലം വണ്ടിപേട്ടയിൽ നിന്ന് പോസ്റ്റ് ഓഫിസിനു വിട്ടുനൽകിയാൽ മതിയെന്നു നേരത്തെ തീരുമാനമെടുത്തിരുന്നു.
തുടർനടപടിക്കായി ലാൻഡ് റവന്യു കമ്മിഷണർ സർക്കാരിനു കത്തു നൽകി. രണ്ടു സ്പാനിന്റെയും ആർച്ചിന്റെയും കോൺക്രീറ്റ് കഴിഞ്ഞ് ആകെ ആവശ്യമായ അഞ്ചു തൂണുകളും പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 21ന് ടെൻഡർ തുറക്കും.നിർദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിനു 198.80 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ്.
തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് സമീപനപാത. ഗതാഗതക്കുരുക്കിനു പരിഹാരമായി 2018 ഡിസംബർ 27-നാണു നിർമാണം ആദ്യം ആരംഭിച്ചത്. നാലാമത്തെ ടെൻഡറാണ് ഇപ്പോൾ നടത്തുന്നത്. നദിയിൽ രണ്ടു സ്പാൻ ഉൾപ്പെടെ നിർമിച്ചതിനു പിന്നാലെ പണി നിന്നുപോയി. കരാറുകാരനെ ഒഴിവാക്കി വീണ്ടും പണം അനുവദിച്ചു ടെൻഡർ ചെയ്തെങ്കിലും ആരും പങ്കെടുത്തില്ല.
രണ്ടാമതു നടത്തിയ ടെൻഡറിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്. മൂന്നാമത്തെ ടെൻഡറിൽ ഊരാളുങ്കൽ സൊസൈറ്റി പങ്കെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. കൂടുതൽ തുകയാണ് സൊസൈറ്റി ആവശ്യപ്പെട്ടത്.ആവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകാത്തതും ഇരുകരകളിലെ വൈദ്യുതി തൂണുകളും ലൈനുകളും മാറ്റിക്കൊടുക്കാത്തതുമായിരുന്നു ആദ്യം നിർമാണം നിലയ്ക്കാൻ കാരണം. 7 കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ ചെലവായത്.
പഞ്ചായത്തിന്റെ വക മാർക്കറ്റിന്റെ സ്ഥലമാണ് ആദ്യം കോഴഞ്ചേരി ഭാഗത്തു വേണ്ടിയിരുന്നത്. ഇത് പഞ്ചായത്ത് വിട്ടുനൽകിയിരുന്നു. സ്ഥലം ഭൂരിഭാഗവും വിട്ടുകിട്ടിയതോടെ നിർമാണത്തിന് തടസങ്ങൾ മാറിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സർക്കാർ പുറമ്പോക്കിലേക്കു ഈ വസ്തു മുതൽക്കൂട്ടും. കിഫ്ബിക്കാണ് പാലത്തിന്റെ നിർമാണ ചുമതല.