തിരുവല്ല ∙ രാത്രി ജനലിന്റെ കമ്പി വളച്ച് വീട്ടിൽ കയറി മോഷണം. പാലിയേക്കര ഉഷസിൽ റിട്ട. ഡോ. പി.ടി.അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 35000 രൂപ, 5 പവൻ വരുന്ന മാല, വള, മോതിരം എന്നിവയാണ് മോഷണം പോയത്.വീടിന്റെ പുറകുവശത്തെ ജനലിന്റെ കമ്പി വളച്ച് ഒടിച്ചശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്.
തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ രാത്രി ഒരു മണിയോടെ മോഷ്ടാവ് കയറുന്നതായി പതിഞ്ഞിട്ടുണ്ട്. അകത്തു കയറിയ ഉടനെ അടുക്കള വാതിൽ തുറന്നിട്ടു. പിന്നീടാണ് മോഷണം നടത്തിയത്. 2.45ന് കിടപ്പുമുറിയുടെ വാതിൽ തുറന്ന് ആരോ പ്രവേശിക്കുന്നതു കണ്ട് വീട്ടുടമ ചാടിയെഴുന്നേറ്റപ്പോഴേക്കും ആൾ ഓടിപ്പോയി. മുണ്ടും ടീഷർട്ടും ധരിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ഉടൻ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഉച്ചയോടെ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.