തിരുവല്ല ∙ രൂപമാറ്റം വരുത്തിയും റജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും നഗരത്തിൽ അഭ്യാസം നടത്തിയ സംഘത്തിലെ രണ്ട് ‘ഫ്രീക്ക് ബൈക്കുകൾ’ മോട്ടർ വാഹനവകുപ്പ് തിരുവല്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വാഹനത്തിന്റെ യഥാർഥ സൈലൻസർ, ടയർ എന്നിവ മാറ്റി നിയമവിരുദ്ധമായവ ഘടിപ്പിച്ച നിലയിലായിരുന്നു ബൈക്കുകൾ. റിയർ വ്യൂ മിററുകൾ, മഡ് ഗാർഡ് എന്നിവയും ഘടിപ്പിക്കാത്ത ഈ വാഹനങ്ങൾ ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ ശബ്ദവും പുകയും പുറപ്പെടുവിക്കുന്നവയാണെന്ന് ഇൻസ്പെക്ടർ പി.വി.അനീഷ് പറഞ്ഞു.
ഇതിൽ ഒരു വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് ഒരുപ്രാവശ്യം സമാനമായ കുറ്റങ്ങൾക്ക് സസ്പെൻഡ് ചെയ്തതാണ്. രണ്ട് വാഹനങ്ങൾക്കും കൂടി 35000 രൂപ പിഴയിട്ടിട്ടുണ്ട്. വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയിലും നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത്കുമാറിന്റെ നേതൃത്വത്തിൽ എംവിഐ പി.വി.അനീഷ്, എഎംവിഐമാരായ എം.ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ് എന്നിവരാണ് ബൈക്കുകൾ പിടികൂടിയത്. പരാതി ലഭിച്ച മറ്റു ബൈക്കുകൾ നിരീക്ഷണത്തിലാണെന്നും ഉടനെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.