റാന്നി ∙ ഇട്ടിയപ്പാറ ടൗണിലും പെരുനാട് പഞ്ചായത്തിലുമുണ്ടായ തെരുവുനായ ആക്രമണങ്ങളിൽ 22 പേർക്ക് പരുക്കേറ്റു. ഇട്ടിയപ്പാറ ടൗണിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഓടിനടന്ന നായ കണ്ണിൽകണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. മണിമല വെള്ളപ്ലാംകുഴി സെബാസ്റ്റ്യൻ (46), ചെറുകുളഞ്ഞി സ്വദേശി സി.ടി.അനിയൻ (46), ഇടമുറി കലശക്കുഴി അരുൺ (29), അലിമുക്ക് വിഷ്ണു ഭവനിൽ വിഷ്ണു (31), ജ്യോതി ലാൽ (42), വലിയകാവ് കലൂർ വീട്ടിൽ അജിൻ (17), കുമ്പളാംപൊയ്ക സ്വദേശി രാജ് കിഷോർ (27), റാന്നി സ്വദേശി ജിതേന്ദ്രൻ (20), കരികുളം കൊട്ടോലിക്കരയിൽ ഏബ്രഹാം മാത്യു (65), മലയാലപ്പുഴ ചേറാടി പി.ആർ.രാഹുൽ (28) എന്നിവരടക്കം 15 പേർക്കാണ് കടിയേറ്റത്. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടു ദിവസങ്ങളിലായുണ്ടായ തെരുവുനായ ആക്രമണത്തിലാണ് പെരുനാട് പഞ്ചായത്തിൽ 7 പേർക്കു കടിയേറ്റത്. മാടമൺ വൈശാഖ് ഭവനിൽ ഷാരൻധരൻ (56), പെരുനാട് ഉഷാസദനത്തിൽ (സ്രാമ്പിക്കൽ) മുരളീധരൻ നായരുടെ ഭാര്യ ഉഷ (66), പെരുനാട് കാർമൽ എൻജിനീയറിങ് കോളജിനു സമീപം പൂക്കാമണ്ണിൽ കുഞ്ഞമ്മ (മറിയാമ്മ–82), കൊച്ചുമകൾ ലിജി (മോളമ്മ–28), കുറുങ്ങാലി തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി ബിനു, മന്ദപ്പുഴ രവി എന്നിവർക്കാണു കടിയേറ്റത്. വ്യാഴാഴ്ചയാണു രവിയെ തെരുവുനായ കടിച്ചത്. അന്നു രാത്രിയിലാണു ബിനുവിനു കടിയേറ്റത്. അതിഥിത്തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 6 മണിയോടെ എരുവാറ്റുപുഴ ജംക്‌ഷനിൽ വച്ചാണ് പണിക്കു പോകാനിറങ്ങിയ അതിഥിത്തൊഴിലാളിയെ കടിച്ചത്.
തുടർന്നു ശബരിമല റോഡിലൂടെ ഓടിയ നായ ആറരയോടെ പ്രഭാത നടത്തത്തിനിറങ്ങിയ തയ്യൽക്കാരൻ ഷാരൻധരനെ കടിച്ചു. പിന്നീട് പെരുനാട് ചന്ത ജംക്‌ഷനിലെത്തി ലോട്ടറി വിൽപനക്കാരി ഉഷയുടെ ചുരിദാറിൽ കടിച്ചു. പട്ടിയെ ഓടിക്കാൻ കുനിയുന്നതിനിടെ അവരുടെ കഴുത്തിൽ കടിക്കുകയായിരുന്നു. മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷനിലെത്തിയിട്ടാണ് കാർമൽ എൻജിനീയറിങ് കോളജിനു സമീപത്തേക്ക് ഓടിപ്പോയത്. ഇതിനിടെ വഴിയിൽ കണ്ട നായ്ക്കളെ കടിച്ചിട്ടുണ്ട്.
10 മണിയോടെ വീടിനുള്ളിൽ കടന്നാണു കുഞ്ഞമ്മയെ കടിച്ചത്. മുറിക്കുള്ളിലിരുന്ന കൊച്ചുമകൾ ലിജി പുറത്തേക്കിറങ്ങി പട്ടിയെ ഓടിക്കാൻ ശ്രമിച്ചപ്പോളാണു കടിയേറ്റത്. ഇവരുടെ വളർത്തു നായെയും കടിച്ചു. തുടർന്നു വിളവിനാൽ റെജിയുടെ വളർത്തു നായയെ കടിച്ച ശേഷം മുൻ പഞ്ചായത്ത് അംഗം ശ്രീരാജ്ഭവനിൽ സോമരാജനെ ആക്രമിക്കാൻ ശ്രമിച്ചു. തിരുവല്ല മഞ്ഞാടി പക്ഷിഗവേഷണ കേന്ദ്രത്തിൽ നടത്തിയ ലാക്ടറൽ ഫ്ലോ പരിശോധനയിൽ നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലേക്ക് മടക്കി വിട്ടിരുന്നു. ഇവരോട് ആശുപത്രിയിലെത്തി അഡ്മിറ്റാകാൻ നിർദേശിച്ചിട്ടുണ്ട്.